ദില്ലി: ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മല്ലികാർജുൻ ഖാർഗെ, ഭൂപേഷ് ബാഗേൽ എന്നിവരെ നിരീക്ഷകരായി നിയമിച്ച് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി. മഹാരാഷ്ട്രയുടെ നിരീക്ഷകനായി ഖാർഗെയും ഹരിയാനയുടെ നിരീക്ഷകരായി ബഗേലിനെയും രാജീവ് ശുക്ലയെയും രാജസ്ഥാനില്‍ ടിഎസ് സിങ് ദിയോയേമാണ് നിയമിച്ചിരിക്കുന്നത്.

ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രാജ്യസഭാ (ആർഎസ്) തിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ഹരിയാനയിലും രാജസ്ഥാനിലും ബി ജെ പി സ്വതന്ത്ര സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസിനെ നേരിടുന്നത്. രണ്ട് സീറ്റുകൾ ഒഴിവുവന്ന ഹരിയാനയിൽ എ ഐ സി സി ജനറൽ സെക്രട്ടറി അജയ് മാക്കനാണ് കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസിനും ബി ജെ പിക്കും ഓരോ സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും മാധ്യമ മുതലാളി കാർത്തികേയ ശർമയെ സ്വതന്ത്രനായി ബി ജെ പി രംഗത്ത് ഇറക്കിയതോടെ മത്സരം മുറുകയായിരുന്നു.

ഹരിയാന മുൻ സ്പീക്കർ കുൽദീപ് ശർമ്മയുടെ മരുമകനും വിനോദ് ശർമ്മയുടെ മകനുമാണ് ശർമ്മ. ഇരുവരും മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ അടുത്ത ആളുകളുമാണ്. കോൺഗ്രസിന് ജയിക്കാൻ 31 വോട്ടുകൾ വേണം, അത്രയും എം എൽ എമാരും സഭയില്‍ പാർട്ടിക്കുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ക്രോസ് വോട്ടിങ്ങിലാണ് ബി ജെ പി യുടെ ശ്രദ്ധ.

രാജസ്ഥാനിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് കോൺഗ്രസ് മൂന്ന് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. രൺദീപ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരാണ് മത്സരിക്കുന്നത്. കോൺഗ്രസിന് രണ്ട് സീറ്റുകൾ ലഭിക്കുമെന്ന് ഉറപ്പായപ്പോൾ തിവാരിയുടെ മൂന്നാമത്തെ സീറ്റിൽ വിജയിക്കാൻ 15 വോട്ടുകൾ കൂടി വേണം. ബി ജെ പി മുൻ മന്ത്രി ഘനശ്യാം തിവാരിയെയും മാധ്യമ മുതലാളി സുഭാഷ് ചന്ദ്രയെ സ്വതന്ത്രനായി രണ്ടാം സീറ്റിലേക്കുമാണ് മത്സരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ ശിവസേനയും ബി ജെ പിയും രാജ്യസഭയുടെ ആറാം സീറ്റിൽ മത്സരിക്കും, മത്സരരംഗത്തുള്ള ഏഴ് സ്ഥാനാർത്ഥികളിൽ ആരും – ഭരണകക്ഷിയായ മഹാ വികാസ് അഘാദി (എം‌വി‌എ) യിലെ നാല് പേരും ബി ജെ പിയുടെ മൂന്ന് പേരും വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നില്ല. നാല് സീറ്റുകളിലേക്ക് ജൂൺ 10 ന് തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ കോൺഗ്രസ് രണ്ടാം സീറ്റിലേക്ക് മൻസൂർ അലി ഖാനെയും നിർത്തി. ജയറാം രമേശാണ് മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥി.