കൊച്ചി: നടന്‍ വിജയ് ബാബുവിനെതിരായ പീഡനക്കേസ് പുറത്തുവന്നതിന് പിന്നാലെ താര സംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് നടന്‍ ഹരീഷ് പേരടി സംഘടനയില്‍ നിന്നുള്ള രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ഹരീഷ് പേരടി രാജി സന്നദ്ധത അറിയിച്ചത്. തന്നെ സംഘടനയില്‍ നിന്ന് ഒഴിവാക്കി തരണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടത്.

അമ്മയുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്, സെക്രട്ടറി മറ്റ് അംഗങ്ങളെ പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അമ്മയുടെ തീരുമാനം എന്താണെന്ന് ഇതുവരെയായിട്ടും പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഏറ്റവും പുതിയ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഹരീഷ് പേരടി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നെന്നും അവരുടെ എക്‌സികൂട്ടിവ് മീറ്റിംഗില്‍ രാജി ചര്‍ച്ച ചെയ്തിരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞു.

എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്ന കാര്യം തിരിക്കിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. എന്നാല്‍ താന്‍ തന്റെ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഹരീഷ് പേരടി പോസ്റ്റില്‍ വ്യക്തമാക്കി. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്….

ഇന്നലെ എ എം എം എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്‌സികൂട്ടിവ് മീറ്റിംഗില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ എ എം എം എ. പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..

വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ഐ സി കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു… പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..എ എം എം എയെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍ …

എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ…

എ എം എം എ ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ ( എക്‌സിക്യൂട്ടീവ് മീറ്റിംഗ് ) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാന്‍ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം – ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റ് അംഗമായ വിജയ് ബാബുവിനെ പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് ശ്വേത മേനോന്‍ അധ്യക്ഷയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് വിജയ് ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജി വച്ചിരുന്നു.