ചെന്നൈ: തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അണ്ഡം ദാനം ചെയ്യാൻ ബന്ധുക്കൾ നിർബന്ധിക്കുന്നതായി പരാതി. കേസിൽ പതിനാറുകാരിയുടെ അമ്മയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമയ്യ (33), സയ്യിദ് അലി (40), മാലതി (30) എന്നിവരെയാണ് പോലീസ് ജൂൺ മൂന്നിന് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. സുമയ്യ എന്നത് പെൺകുട്ടിയുടെ അമ്മയും സയ്യിദ് അലി രണ്ടാനച്ഛനും ആണ്. ഇവർക്കും ആശുപത്രിക്കും ഇടയിൽ ഇടനിലക്കാരിയായാണ് മാലതി പ്രവർത്തിച്ചത്

ഈറോഡിലുള്ള വീട്ടിൽ നിന്ന് രക്ഷപ്പെട്ട് സേലത്ത് ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയും അവരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് ഈ സംഭവം പുറംലോകം അറിയുന്നത്. ഇന്ദ്രാണി എന്ന സുമയ്യയെ സെയ്ദ് അലിയെ രണ്ടാം വിവാഹം കഴിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പതിമൂന്ന് വർഷം മുമ്പാണ് ഇവർ കല്യാണം കഴിച്ചത്. സുമയ്യയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയുടെ അണ്ഡം സ്വകാര്യ ഫെർട്ടിലിറ്റി സെന്ററിലേക്ക് ദാനം ചെയ്യാമെന്ന് സുമയ്യ ആയിരുന്നു ഏറ്റിരുന്നത്. ഇതിന് മുമ്പ് എട്ട് തവണയോളം പെൺകുട്ടിയുടെ അണ്ഡം ഇവിടെ ദാനം ചെയ്തിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പെൺകുട്ടിക്ക് വയസറിയിച്ച കാലം മുതൽ തന്നെ അണ്ഡം ദാനം ചെയ്യാൻ അമ്മ നിർബന്ധിക്കുന്നുണ്ടെന്ന് ഈറോഡ് സൗത്ത് പോലീസ് ഇൻസ്പെക്ടർ പി വിജയ പറഞ്ഞു. ഇതിൽ പ്രതികളായ മൂന്ന് പേർക്കും പങ്കുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഓരോ തവണയും അണ്ഡം ദാനം ചെയ്യുമ്പോൾ സുമയ്യയ്ക്ക് 20,000 രൂപയും മാലതിക്ക് 5,000 രൂപയും കമ്മീഷനായി ലഭിച്ചതായും പി വിജയ കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പെൺകുട്ടിയെ നിലവിൽ കൂടുതൽ വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെയും ഫെർട്ടിലിറ്റി സെന്റർ അധികൃതരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേ സമയം പെൺകുട്ടിക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ മുതൽ രണ്ടാനച്ഛൻ അമ്മയുടെ സമ്മതത്തോടെ മകളെ ലൈം ഗികമായി ഉപദ്രവിക്കാറുണ്ടെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. പെൺകുട്ടിയുടെ അധാർ കാർഡിൽ ജനനത്തിയതി തിരുത്തി പ്രായപൂർത്തിയായി എന്ന് വരുത്തി തീർത്താണ് സുമയ്യ പെൺകുട്ടിയുടെ അണ്ഡം ദാനം ചെയ്തത് എന്നും പറയപ്പെടുന്നുണ്ട്. അതിനിടെ ഈ വാർത്ത ഏറെ ഗൗരവം നിറഞ്ഞതാണെന്നും അന്വേഷണത്തിൽ സ്വകാര്യ ഫെർട്ടിലിറ്റി സെന്റർ അണ്ഡദാനത്തിന് നിർബന്ധിച്ചതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.