ഡൽഹി; കർണാടകയിൽ തനിക്കെതിരെ നടത്തിയ മഷി ആക്രമണത്തിൽ പ്രതികരിച്ച് കർഷക സമര നേതാവ് രാകേഷ് ടികായത്. നന്നായി ആസൂത്രണം ചെയ്ത ഗൂഢാലോചന ആയിരുന്നു ഇതെന്നും. തന്നെ കൊല്ലാനായി ഈ സർക്കാർ ആ ഗ്രഹിക്കുന്നുണ്ടെന്നും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് രാകേഷ് ടികായത് ആരോപിച്ചു. മീററ്റ് ജില്ലയിലെ ജാംഗേത്തി ഗ്രാമത്തിലെ ധർമേശ്വരി ഫാമിൽ ബികെയുവിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ടികായത്.

തന്നെ കൊല്ലാൻ ഈ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. കർണാടകയിലും ഡൽഹിയിലും തനിക്കെതിരെ നടന്ന ആക്രമണങ്ങൾ ഇതിന് മതിയായ തെളിവാണ്. ടികായത് കുടുംബത്തെയും സംഘടനയെയും (യൂണിയൻ) തകർക്കാനും ഇവർ ആ ഗ്രഹിക്കുന്നു. എന്നാൽ ഇത് ഒരിക്കലും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡൽഹിയിലെ വീട്ടിൽ ചെന്നപ്പോൾ തന്നെ വധിക്കാൻ ഗൂഢാലോചന നടന്നതായും ടികായത് ആരോപിച്ചു. അട്ടിമറി രാഷ്ട്രീയത്തിലൂടെ കർഷക യൂണിയനെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ആയതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് നമ്മൾ ഒന്നിച്ച് മുന്നേറണം എന്നും അദ്ദേഹം പറഞ്ഞു.

ടികായത് കുടുംബം എല്ലായ്‌പ്പോഴും കർഷകരുടെ ശബ്ദം ശക്തമായി ഉയർത്തിയിട്ടുണ്ട്. അത് തുടർന്നും ചെയ്യും. ബാബ മഹേന്ദ്ര സിംഗ് ടിക്കായതിന് ശേഷം നരേഷ് ടികായത്തും കർഷകർക്കായി ജീവിതം ഒഴിച്ചു വെച്ചവരായിരുന്നു. ടികായത് കുടുംബം സമ്മർദ്ദത്തിന് വഴങ്ങില്ല. മഹാത്മാഗാന്ധിയെ ഗൂഢാലോചനക്കാർ കൊലപ്പെടുത്തിയതുപോലെ. രാജ്യത്തിനും കർഷകർക്കും വേണ്ടി ശബ്ദിക്കുന്ന ഏതൊരാളും ഗൂഢാലോചനക്കാർ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തർപ്രദേശ് സർക്കാർ ജലസേചനത്തിന് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കുഴൽ കിണറുകളിൽ മീറ്റർ സ്ഥാപിച്ച് കർഷകരെ ദ്രോഹിക്കുനകയാണെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമാവധി ആളുകളെ യൂണിയന്റെ കീഴിലാക്കാൻ കർഷകരോട് അഭ്യർത്ഥിച്ച കർഷക നേതാവ്, സർക്കാരിനെതിരെ ശക്തവും യോജിച്ചതുമായ പോരാട്ടത്തിന് മാത്രമേ ഫലം ലഭിക്കൂവെന്ന് പറഞ്ഞു. സർക്കാർ ചർച്ചക്ക് വിളിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 30 ന് ബംഗളൂരുവിൽ വാർത്താ സമ്മേളനത്തിനിടെയാണ് ടികായത്തിനെതിരെ മഷിയാക്രമണം നടന്നത്. മൂന്ന് പേർ ഇദ്ദേഹത്തിന് നേരെ മഷി ഒഴിക്കുകയും മൈക്ക് ഉപയോ ഗിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം ഇവർ മോദി മോദി എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പോലീസ് പറയുന്നതനുസരിച്ച് പ്രതികളിലൊരാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയ കൊലപാതക കുറ്റവാളിയായിരുന്നു.