ദില്ലി: ബിജെപിയെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെയാണ് ഈ പ്രതിസന്ധി. എംഎല്‍എമാരെ മുഴുവന്‍ മാറ്റിയിരിക്കുകയാണ്. ഹരിയാനയിലാണ് പുതിയ പ്രതിസന്ധി. രാജസ്ഥാനില്‍ സമാന സാഹചര്യമുണ്ട്. എന്നാല്‍ ഹരിയാനയിലും ബിജെപിയെ വിശ്വസിക്കാന്‍ ഭൂപീന്ദര്‍ ഹൂഡ തയ്യാറല്ല.

ഛത്തീസ്ഗഡിലെ നയാ റായ്പൂരിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ് ദീപേന്ദര്‍ ഹൂഡയാണ് എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം വിവേക് ബന്‍സലുമുണ്ട്. തിരഞ്ഞെടുപ്പ് അടുത്താല്‍ ബിജെപി എന്തും ചെയ്യുമെന്ന് ഹൂഡ കരുതുന്നുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ട വോട്ടുകള്‍ ഉറപ്പാക്കുക എന്ന ടാര്‍ഗറ്റ് ദീപേന്ദര്‍ ഹൂഡയ്ക്കാണ്. ഇത് വലിയ വെല്ലുവിളിയാണ്. അതിനായി എംഎല്‍എമാര്‍ക്ക് കാവലിരിക്കേണ്ടതുണ്ട്. രണ്ട് സീറ്റുകളിലെ മത്സരം കോണ്‍ഗ്രസിന്റെ വെറ്ററന്‍ നേതാവായ ഭൂപീന്ദര്‍ ഹൂഡയ്ക്ക് അഭിമാന പ്രശ്‌നമാണ്. നിലവില്‍ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഹൂഡയുടെ വിശ്വസ്തന്‍ ഉദയ്ബനാണ് സംസ്ഥാന അധ്യക്ഷന്‍. ഹരിയാന കോണ്‍ഗ്രസ് മൊത്തം ഇപ്പോള്‍ ഭൂപീന്ദറിന്റെ നിയന്ത്രണത്തിലാണ്. ഇങ്ങനെ നില്‍ക്കുമ്പോള്‍ എംഎല്‍എ കൂറുമാറിയാലോ പാര്‍ട്ടി തോറ്റാലോ ഹൂഡയുടെ കാര്യം പ്രതിസന്ധിയിലാവും. പാര്‍ട്ടിയില്‍ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തുണ്ട്.

ഹരിയാനയില്‍ മൂന്നാം സ്ഥാനാര്‍ത്ഥിയായി സ്വതന്ത്രന്‍ കാര്‍ത്തികേയ ശര്‍മ വന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ഭൂപീന്ദറിന്റെ പഴയ സുഹൃത്ത് വിനോദ് ശര്‍മയുടെ മകനാണ് കാര്‍ത്തികേയ. മാധ്യമ മുതലാളി കൂടിയാണ് അദ്ദേഹം. കോണ്‍ഗ്രസ് പുറത്ത് നിന്നുള്ളയാളെ ഇവിടെ മത്സരിപ്പിക്കുന്നുവെന്നാണ് ഇയാള്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൂഡയുടെ ഭാഗത്ത് നിന്ന് വരുന്ന വീഴ്ച്ചകള്‍ അദ്ദേഹത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. കാര്‍ത്തികേയ ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിലെ വിമത വോട്ടുകളെയാണ്. അജയ് മാക്കനെ മത്സരിപ്പിക്കുന്നതിലൂടെ പാര്‍ട്ടിക്ക് വോട്ടുകള്‍ നഷ്ടമാകുമെന്നാണ് ഭയം.

ബിജെപി മുന്‍ ഗതാഗത മന്ത്രി കൃഷന്‍ പന്‍വറിനെയാണ് മത്സരിപ്പിക്കുന്നത്. മാക്കനും ഹൂഡയും കോണ്‍ഗ്രസിലെ വ്യത്യസ്ത ക്യാമ്പില്‍ നിന്നുള്ളവരാണ്. ജെജെപിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് കാര്‍ത്തികേയ മത്സരിക്കുന്നത്. കാര്‍ത്തികേയക്ക് എംഎല്‍എമാര്‍ വോട്ട് ചെയ്യുമെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അവരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം തന്നെ ഇവരെ റായ്പൂരിലേക്ക് മാറ്റി. ദില്ലി വഴി പോകുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരുന്നു യാത്ര. പക്ഷേ ഈ യാത്രയിലും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പ്രകടമായിരുന്നു. നാല് പേര്‍ യാത്രയിലുണ്ടായിരുന്നില്ല.

കിരണ്‍ ചൗധരി, ചിരഞ്ജീവ് റാവു, രേണു ബാല, കുല്‍ദീപ് ബിഷ്‌ണോയ്, എന്നിവരാണ് വിട്ടുനിന്നത്. കിരണ്‍ ചൗധരി തോഷം എംഎല്‍എയാണ്. അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നത്. ചിരഞ്ജീവ് റാവു പിറന്നാള്‍ ആഘോഷമാണ് കാരണമായി പറഞ്ഞത്. രേണു ബാല വ്യക്തിപരമായി കാരണം പറഞ്ഞ് ഒഴിഞ്ഞു. കുല്‍ദീപ് ബിഷ്‌ണോയ് ഹൂഡയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതുവരെ ബിഷ്‌ണോയിയുമായി ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എംഎല്‍എമാരെ റിസോര്‍ട്ടിലെത്തി കണ്ടിരുന്നു. ഇവരോട് റിസോര്‍ട്ട് വിട്ട് പോവരുതെന്നാണ് നിര്‍ദേശിച്ചത്. വന്‍ സുരക്ഷാ സന്നാഹം തന്നെ ഇവിടെയുണ്ട്.

അതേസമയം രാജസ്ഥാനിലും ഇതുപോലെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. അവിടെയും മന്ത്രി അടക്കം ആറ് പേര്‍ വിട്ടുനില്‍ക്കുകയാണ്. ഉദയ്പൂരിലെ റിസോര്‍ട്ടിലാണ് ഇവരുള്ളത്. വെള്ളിയാഴ്ച്ച വൈകീട്ട് റിസോര്‍ട്ടിലെത്താനായിരുന്നു അന്ത്യശാസനം. പ്രമുഖ മന്ത്രി രാജേന്ദ്ര ഗുദ്ധ വരാന്‍ തയ്യാറായില്ല. അശോക് ഗെലോട്ടിനെ അദ്ദേഹം വിമര്‍ശിച്ചിരിക്കുകയാണ്. രാജസ്ഥാനിലും മത്സരിക്കുന്നത് പുറത്ത് നിന്നുള്ളവരാണ്. ഇതില്‍ പാര്‍ട്ടിയിലാകെ രോഷമുണ്ട്. ഇത് അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ബാധിക്കുമെന്നാണ് സൂചന. ഗെലോട്ട് ഇതിനെ മറികടക്കാന്‍ കഷ്ടപ്പെടുകയാണ്.