കണ്ണൂര്‍: കണ്ണൂരില്‍ പൊലിസ് നടത്തിയ മയക്കുമരുന്ന് വേട്ടയ്ക്കിടെ വെട്ടിച്ചു കടന്നുകളഞ്ഞ കാര്‍ അപകടത്തില്‍പ്പെട്ടു.ശനിയാഴ്ച്ച പുലര്‍ച്ചെ കണ്ണൂര്‍ സിറ്റിയിലാണ് സംഭവം. കണ്ണൂര്‍ സിറ്റി നീര്‍ച്ചാലില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ കാര്‍ മതിലിലിടിച്ചുമറിയുകയായിരുന്നു. നാട്ടുകാര്‍ കൂടുന്നതിന് മുന്‍പേ കാറിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തില്‍ കയറി പൊലിസിനെ വെട്ടിച്ചു രക്ഷപ്പെട്ടു.

പൊലിസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ഒരു വാടിവാളും രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ശനിയാഴ്ച്ച പുലര്‍ച്ചെ 2.30ഓടെ ഗാന്ധി മൈതാനം ബസ്സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. നീര്‍ച്ചാല്‍ ഭാഗത്തു നിന്നു വന്ന കാര്‍ പൊലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. പൊലിസ് കാറിനെ പിന്തുടര്‍ന്നതോടെ നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു. കെ.എല്‍ 13 എ.ഇ 9101 സ്വിഫ്റ്റ് കാറാണു പൊലിസ് കസ്റ്റഡിയിലെടുത്തത്. കാര്‍ പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്നു വാളും ഫോണും കണ്ടെടുത്തത്. കാറിലുണ്ടായിരുന്നവര്‍ക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി.

രണ്ടു വാഹനങ്ങളിലെത്തിയ സംഘത്തിന്റെ ഒരു കാറാണ് അപകടത്തില്‍പെട്ടത്. പൊലിസ് പിടികൂടുമെന്നു കണ്ടതോടെ മറ്റൊരു വാഹനത്തില്‍ കയറി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍സിറ്റി സ്വദേശി റഈസ് എന്നയാളുടെതാണു പൊലിസ് കസ്റ്റഡിയിലെടുത്ത കാറെന്ന് കണ്ടെത്തി. കാറിലുണ്ടായിരുന്നതു ലഹരി സംഘമാണോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് പറഞ്ഞു. എസ്.ഐമാരായ ബാബു ജോണ്‍, ആല്‍ബി തോമസ്, സി.പി.ഒ ഇസ്മാഈല്‍, സി.പി.ഒ അതുല്‍ എന്നിവരാണ് വാളും ഫോണും കണ്ടെടുത്തത്. കണ്ണൂരില്‍ മയക്കുമരുന്ന് വില്‍പനയ്‌ക്കെതിരെ പൊലിസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.രാത്രികാല പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാലത്തിലാണ് വാഹനപരിശോധനയ്ക്കിടെ ലഹരിവില്‍പ്പന സംഘമെന്നു സംശയിക്കുന്നവര്‍ രക്ഷപ്പെട്ടത്.