ദില്ലി: കൂട്ടബലാത്സംഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ ദില്ലി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദില്ലി വനിത കമ്മിഷന്‍ ഈ വിഷയം സ്വമേധയ ഏറ്റെടുത്തതാണ്. ഇത്തരത്തില്‍ പരസ്യം പുറത്തിറക്കിയ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദില്ലി വനിത കമ്മിഷന്‍ ആവശ്യപ്പെടുന്നത്. കൂടാതെ, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും മാധ്യമങ്ങളില്‍ നിന്ന് പരസ്യം നീക്കം ചെയ്യാനും ആവശ്യപ്പെട്ട് ദില്ലി പോലീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പരസ്യത്തില്‍, ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും, ഒരു കട്ടിലില്‍ ഇരിക്കുന്നു, പിന്നാലെ നാല് ആണ്‍കുട്ടികള്‍ കൂടി മുറിയിലേക്ക് പ്രവേശിക്കുന്നു. അവരില്‍ ഒരാള്‍ പറയുന്നു, എനിക്ക് ഒരു ഷോട്ട് എടുക്കണം. മറുപടിയായി, കട്ടിലില്‍ കിടക്കുന്ന ആണ്‍കുട്ടി പറയുന്നു, എടുത്തോളൂ. ഉടന്‍ തന്നെ പുറത്തുനിന്ന് വന്ന ആണ്‍കുട്ടി എന്റെ ഊഴമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അടുത്തേക്ക് നീങ്ങുന്നു. പെണ്‍കുട്ടിയുടെ മുഖം അസ്വസ്ഥയായിട്ടാണ് കാണുന്നത്. തുടര്‍ന്ന് ആണ്‍കുട്ടി മേശയ്ക്ക് പുറത്തുള്ള പെര്‍ഫ്യൂം എടുക്കുന്നതാണ് പരസ്യത്തിലുള്ളത്.

പരസ്യങ്ങള്‍ ബലാത്സംഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍് ചില പരിശോധനകളും ശക്തമായ സംവിധാനങ്ങളും നിര്‍മ്മിക്കണമെന്ന് ദില്ലി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മറ്റ് കമ്പനികള്‍ അങ്ങനെ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇത്തരം ബ്രാന്‍ഡുകള്‍ക്ക് കനത്ത പിഴ ചുമത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ പരസ്യം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എത്ര അപമാനകരവും ദയനീയവുമായ പരസ്യങ്ങളാണ് നമ്മുടെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു .

സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരസ്യങ്ങള്‍ പുറത്തുവിട്ട ഈ കമ്പനിക്കെതിരെ ശക്തമായ പിഴ ചുമത്തുകയും വേണം. ഡല്‍ഹി പോലീസും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും കൂടുതല്‍ സമയം പാഴാക്കാതെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.