ദില്ലി: കോണ്‍ഗ്രസിനെ ധിക്കരിക്കുന്ന ഗുലാം നബി ആസാദ്. കേട്ടിട്ട് തന്നെ നടക്കാത്ത കാര്യം പോലെയുണ്ടല്ലേ? എന്നാല്‍ ഇതൊന്നും ഇപ്പോള്‍ നടക്കാത്ത കാര്യമല്ല. ഗുലാം നബി ആസാദ് നേതൃത്വം നല്‍കിയ വലിയൊരു ഓഫര്‍ നിരസിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധി നേരിട്ട് വിളിച്ച് ഓഫര്‍ ചെയ്തതാണ് ഈ പദവി. അതിനൊന്നും താനില്ലെന്ന് മുഖത്ത് നോക്കി ഗുലാം നബി പറഞ്ഞു.

രാജ്യസഭാ ടിക്കറ്റ് കൊടുക്കാതെ ആസാദിനെ മൂലയ്ക്കിരുത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഇത്തരമൊരു ശ്രമം നടത്തിയത്. പക്ഷേ അത് ചീറ്റിപ്പോയിരിക്കുകയാണ്. കശ്മീരില്‍ ആസാദിന്റെ അനുനായികളാണെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.

ഗുലാം നബി ആസാദിന് ഇതുവരെയില്ലാത്ത ഒരു പദവിയാണ് സോണിയ ഓഫര്‍ ചെയ്തത്. രാജ്യസഭയിലേക്ക് വീണ്ടും ആസാദിനെ അയക്കാതിരുന്നത് രാഹുല്‍ ഗാന്ധിയായിരുന്നു. സോണിയക്ക് പഴയ പോലെ തീരുമാനങ്ങളില്‍ വലിയ റോളില്ല. അതുകൊണ്ട് അക്കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റിയിരുന്നില്ല. പക്ഷേ ഗുലാം നബിയെ വിളിച്ച് മറ്റൊരു ഓഫര്‍ സോണിയാ ഗാന്ധി നല്‍കി. കോണ്‍ഗ്രസിലെ രണ്ടാം സ്ഥാനം അദ്ദേഹത്തിന് നല്‍കാനായിരുന്നു സോണിയയുടെ പ്ലാന്‍. എന്നാല്‍ താന്‍ ആ പൊസിഷനിലേക്ക് ഇല്ലെന്ന് കൈകൂപ്പി പറഞ്ഞിരിക്കുകയാണ് ആസാദ്. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുലാം നബി ഇങ്ങനെ പ്രതികരിക്കുമെന്ന് സോണിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

രണ്ട് ദിവസം മുമ്പാണ് സോണിയയും ആസാദും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്. രാജ്യസഭയിലേക്ക് ഗുലാം നബിയെ അയക്കണമെന്ന് സോണിയക്കുണ്ടായിരുന്നു. എന്നാല്‍ സോണിയയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ആസാദ് ഇക്കാര്യം സംസാരിച്ചതേയില്ല. എന്നാല്‍ സംഘടനയില്‍ രണ്ടാമനായി പ്രവര്‍ത്തിക്കാന്‍ ആസാദിന് ആഗ്രഹമുണ്ടോ എന്നായിരുന്നു സോണിയയുടെ ചോദ്യം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ടീമിനെ മുന്നില്‍ കണ്ടാണ് ആസാദ് നോ പറഞ്ഞിരിക്കുന്നത്. ഇവരുടെ ടീം ഒരു തരം സൈബര്‍ ആക്രമണ സ്വഭാവമുള്ളവരാണ്. സീനിയര്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് ഗുലാം നബി തന്ത്രപരമായി ആ സ്ഥാനം വേണ്ടെന്ന് അറിയിച്ചത്.

കോണ്‍ഗ്രസിലെ യുവാക്കളുമായി ഒത്തുപോകാനാവില്ലെന്ന് ഗുലാം നബി സോണിയയെ അറിയിച്ചു. ഇന്ന് പാര്‍ട്ടിയെ നയിക്കുന്ന യുവാക്കളും സീനിയര്‍ നേതാക്കളും തമ്മില്‍ വലിയ ജനറേഷന്‍ ഗ്യാപ്പാണ് ഉള്ളത്. മുമ്പ് അതില്ലായിരുന്നു. ഞങ്ങളുടെ ചിന്തകളും അവരുടെ ചിന്തകളും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. പാര്‍ട്ടിയിലെ യുവാക്കള്‍ എന്നെ പോലുള്ള വെറ്ററന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും ആസാദ് സോണിയയെ അറിയിച്ചു. ടീം രാഹുല്‍ സീനിയര്‍ നേതാക്കളെ വര്‍ഷങ്ങളായി ഒതുക്കാന്‍ നോക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പലപ്പോഴും ഇവര്‍ വിമര്‍ശനവും നേരിടാറുണ്ട്. 2017ല്‍ രാഹുല്‍ അധ്യക്ഷനായത് മുതല്‍ ഇത് തുടര്‍ന്നിരുന്നു.

രാഹുലിന്റെ ടീമിന് തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിടുന്നതോടെ സീനിയേഴ്‌സിന് എപ്പോഴും മേല്‍ക്കൈ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുലിന് സമ്പൂര്‍ണ ആധിപത്യമാണ് പാര്‍ട്ടിയില്‍. അതുകൊണ്ട് വലിയ പദവികള്‍ ഏറ്റെടുക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് ഗുലാം നബി ആസാദിന് അറിയാം. പാര്‍ട്ടിയില്‍ ആസാദിനെ ഒതുക്കാന്‍ കാത്തിരിക്കുകയാണ് യുവ നേതാക്കള്‍. അതേസമയം പാര്‍ട്ടിയുടെ ഉപാധ്യക്ഷനാക്കാനാണോ സോണിയ തീരുമാനിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മറ്റൊരു സംസ്ഥാനത്തിന്റെയും ചുമതല വഹിക്കാന്‍ ഗുലാം നബി തയ്യാറല്ല. ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ ഉറപ്പായും തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.

ആസാദിനെ അനുനയിപ്പിക്കാന്‍ ഗാന്ധി കുടുംബത്തിന് സാധിച്ചിട്ടില്ല. രാഹുലിനൊപ്പം പ്രവര്‍ത്തിച്ചാല്‍ യുവാക്കളുടെ കുത്തുവാക്ക് വേറെയും സഹിക്കേണ്ടി വരും. പുതിയ ആളുകള്‍ സംഘടനയുടെ മുന്നില്‍ എത്തട്ടെയെന്നാണ് ആസാദ് സോണിയയെ അറിയിച്ചത്. അതേസമയം കശ്മീരില്‍ നടന്ന സങ്കല്‍പ്പ് ശിവിറില്‍ ആസാദോ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോ പങ്കെടുത്തിട്ടില്ല. നേതൃത്വവുമായി അത്ര രസത്തില്‍ അല്ല ഗുലാം നബിയെന്ന് വ്യക്തമാണ്. ഗുലാം നബിയെ പിന്തുണയ്ക്കുന്നവര്‍ക്ക് അദ്ദേഹത്തെ കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. ഇതൊന്നും നേതൃത്വം അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഇനിയും തുടരും.