ശ്രീനഗര്‍: കശ്മീരില്‍ സാധാരണക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. നിര്‍ണായ ചര്‍ച്ചകളാണ് നടന്നത്. കരസേനാ മേധാവി, സുരക്ഷാ-ഇന്റലിജന്‍സ് ഏജന്‍സികള്‍, എന്നിവരെല്ലാം യോഗത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭീകരര്‍ ബാങ്ക് മാനേജറെ വെടിവെച്ച് കൊന്നത്. ഒരാഴ്ച്ചയ്ക്കിടെ സാധാരണക്കാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടക്കുകയും എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്താകെ ഭീതി പടര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അമിത് ഷാ കണ്ടിരുന്നു.

ഇതിന് പുറമേ ദില്ലിയില്‍ ഇന്ന് ഉന്നത തല ചര്‍ച്ചകള്‍ നടന്നത്. ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയെ അമിത് ഷാ ദില്ലിയിലേക്ക് വിളിച്ച് വരുത്തി. അജിത് ഡോവലും യോഗത്തിനുണ്ടായിരുന്നു. സൈനിക മേധാവ് മനോജ് പാണ്ഡെയും, ബിഎസ്എഫ്, സിആര്‍പിആഫ് മേധാവിമാരും യോഗത്തിനുണ്ടായിരുന്നു. ഹിന്ദു ബാങ്ക് മാനേജറെ ഓഫീസിലിട്ടാണ് വെടിവെച്ച് കൊന്നത്. കുല്‍ഗാം മേഖലയിലായിരുന്നു സംഭവം. പിസ്റ്റള്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയും തീവ്രവാദികള്‍ വെടിവെച്ചു. ഇവര്‍ ജോലി സ്ഥലത്ത് നിന്നും മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

മെയ് ഒന്ന് മുതലാണ് ഈ എട്ട് പേര്‍ കൊല്ലപ്പെട്ടത്. ബീഹാറില്‍ നിന്നുള്ള തൊഴിലാളി ദില്‍കുഷ് കുമാറാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മുസ്ലീമല്ലാത്ത മൂന്നാമത്തെ സര്‍ക്കാര്‍ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥന്‍. ലെഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നേരത്തെ എല്ലാ ഹിന്ദു വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാരെയും കശ്മീര്‍ താഴ്‌വരയിലെ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇത് പോലീസും ഭരണസമിതിയുമായി നടത്തിയ ഉന്നത തല യോഗത്തിന് ശേഷമായിരുന്നു തീരുമാനം. വിദൂര മേഖലയില്‍ ജോലി ചെയ്യുന്ന ഹിന്ദുക്കളായ സര്‍ക്കാര്‍ ജീവനക്കാരെ മുഴുവന്‍ മാറ്റാനാണ് തീരുമാനം. സുരക്ഷാ ഉറപ്പാക്കാന്‍ വേറെ മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍.

ചൊവ്വാഴ്ച്ച ഹിന്ദുവായ സ്‌കൂള്‍ അധ്യാപികയെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നിരുന്നു. അതിന് ഡ്യൂട്ടിയില്‍ അല്ലാതിരുന്ന മൂന്ന് പോലീസുകാരെയും തീവ്രവാദികള്‍ കൊലപ്പെടുത്തി. ഇതിനൊപ്പം ഒരു ടിവി നടിയെയും കൊലപ്പെടുത്തി. എല്ലാവരും മുസ്ലീങ്ങളാണ്. അതേസമയം ഇതെല്ലാം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് പോലെയുണ്ടായിരുന്നു. അതേസമയം തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ജീവനക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്. ഇവര്‍ കശ്മീരില്‍ നിന്ന് ജമ്മുവിലേക്ക് ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ കശ്മീരിലെ 350ഓളം ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. ഇവരെല്ലാം കശ്മീരി പണ്ഡിറ്റുകളാണ്.