കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫും യുഡിഎഫും. ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞതോടെ ഇരുമുന്നണികളും അല്‍പം ആശങ്കയിലുമാണ്.

കൊച്ചി കോര്‍പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിന് താഴെ ആയിരുന്നു പോളിങ്. എന്താകും ഫലം എന്നാലോചിച്ച് ഇരു മുന്നണികളും തല പുകയ്ക്കുമ്പോള്‍ തൃക്കാക്കരയില്‍ ആര് ജയിക്കുമെന്ന് ഇന്റലിജന്‍സിനും ഒരു വിവരവുമില്ല. ആര് ജയിച്ചാലും ആയിരത്തില്‍ക്കൂടുതല്‍ ഭൂരിപക്ഷം ലഭിക്കില്ല എന്നു മാത്രമേ ഇന്റലിജന്‍സിന് പ്രവചിക്കാനാകൂ. സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് അത്തരത്തിലാണ്.

ഇടതുമുന്നണിയുടെ പ്രതീക്ഷ വെച്ചിരിക്കുന്നത് മുസ്ലിം വോട്ടിലാണ് . ഒപ്പം ക്രിസ്ത്യന്‍ ഇതരവിഭാഗങ്ങളുടെയും. യുഡിഎഫിന് ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചെന്നും ബി.ജെ.പി. സ്ഥാനാര്‍ഥിക്കു കഴിഞ്ഞതവണത്തെ വോട്ട് ലഭിക്കില്ലെന്നുമാണ് ഇന്റലിജന്‍സ് വിലയിരുത്തുന്നത്.

സിറ്റിംഗ് സീറ്റായതുകൊണ്ട് ഫലം അനുകൂലമാകും എന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. സ്ത്രീകളുടെ വോട്ട് ഉമ തോമസിന് ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എല്ലാ ബൂത്തിലും 70 ശതമാനത്തോളം പോളിംഗ് നടന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് കാരണം. ആകെ പോളിങ്ങില്‍ രണ്ടായിരത്തോളം വോട്ടുകള്‍ അധികമായി സ്ത്രീ വോട്ടര്‍മാരുടേതാണ്. ഇത്തവണ ട്വന്റി ട്വന്റി മത്സര രംഗത്തില്ലാത്തത് ഗുണം ചെയ്യുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.

അതേസമയം, തൃക്കാക്കരയില്‍ ഡോ ജോ ജോസഫ് വിജയിച്ചാല്‍ നിയമസഭിലെ എണ്ണം നൂറ് തികയ്ക്കാമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിന്. ഇരുമുന്നണികള്‍ക്കും അഭിമാനപ്പോരാട്ടമാണ്. തൃക്കാക്കരയില്‍ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുവന്നിരുന്നു.

തൃക്കാക്കരയിലെ പോളിംഗ് 68.75 ശതമാനമായിരുന്നു. വെള്ളിയാഴ്ചയാണ് വോട്ടെട്ടണ്ണല്‍ പി ടി തോമസ് അന്തരിച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ 1,96,805 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,35,320 പേരാണ് വോട്ട് ചെയ്തത്.1,94,113 പേര്‍ക്കു വോട്ടവകാശമുണ്ടായിരുന്ന 2021ലെ തിരഞ്ഞെടുപ്പില്‍ 1,36,570 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. 14,329 വോട്ടിനായിരുന്നു പി ടി തോമസ് വിജയിച്ചത്.

2016 ലെ തിരഞ്ഞെടുപ്പിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരുന്നത്. 74.71 ശതമാനം. 11,996 വോട്ടിനായിരുന്നു പി ടി തോമസ് വിജയിച്ചത്. മണ്ഡലം നിലവില്‍ വന്ന 2011ല്‍ പോളിം?ഗ് 73.76 ശതമാനമായിരുന്നു. ബെന്നി ബെഹ്നാന്‍ 22,406 വോട്ടിനാണ് അന്ന് ജയിച്ചത്.

കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുകയാണെഹ്കില്‍ യുഡിഎഫിന്റെ വോട്ടിംഗ് ശതമാനം തൃക്കാക്കരയില്‍ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 2011 ല്‍ അമ്പത്താറുശതമാനവും 2016-ല്‍ 45.42 ശതമാനവും 2021-ല്‍ 43.82 ശതമാനവും ആയിരുന്നു യുഡിഎഫ് വോട്ട് ശതമാനം. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുപ്പത്തിരണ്ടായിരത്തോളം വോട്ടിന്റെ മുന്നേറ്റം തൃക്കാക്കരയില്‍ ഉണ്ടാക്കാനും യുഡിഎഫിന് കഴിഞ്ഞികരുന്നു. ആ ഒരു ആത്മവിശ്വാസം് യുഡിഎഫ്. ക്യാമ്പിനുണ്ട്.