റിയാദ്: ലോകത്തെ അംബരചുംബികളുടെ നാട് ഏതെന്ന് ചോദിച്ചാല്‍ വേഗം മനസിലെത്തുക യുഎഇയാണ്. ദുബായിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഏറെ കേട്ടതും അറിഞ്ഞതുമാണ് നാം. എന്നാല്‍ യുഎഇയുടെ ഈ റെക്കോഡ് വൈകാതെ സൗദി അറേബ്യ മറികടക്കുമോ എന്നാണ് ചോദ്യം. കാരണം കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സൗദി പദ്ധതി ഒരുക്കിയിരിക്കുന്നു.

ചെങ്കടല്‍ തീരത്ത് സൗദി നിര്‍മിക്കുന്ന നിയോം എന്ന പദ്ധതിയുടെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ഇരട്ട ഗോപുരങ്ങള്‍ നിര്‍മിക്കാന്‍ പോകുകയാണ് എന്നാണ് വാര്‍ത്ത. സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയാണ് നിയോം. ഇതു സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്…

രാജ്യത്ത് ആള്‍ത്താമസം കുറഞ്ഞ പ്രദേശമാണ് കൂറ്റന്‍ കെട്ടിട നിര്‍മാണത്തിന് സൗദി തിരഞ്ഞെടുത്തിരിക്കുന്നത്. തടസമില്ലാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണിത്. മാത്രമല്ല, പദ്ധതി പൂര്‍ത്തിയായാല്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന പ്രദേശത്തിന്റെ രൂപം മാറും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഇവിടേക്ക് എത്തുകയും ചെയ്യും.

എണ്ണ വരുമാനം കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന് അറബ് നേതാക്കള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇതര വരുമാന മാര്‍ഗങ്ങള്‍ സൗദി അറേബ്യ തേടുന്നത്. ടൂറിസം മേഖലയാണ് സൗദി കേന്ദ്രീകരിക്കുന്ന ഒന്ന്. ഇതിന്റെ ഭാഗം കൂടിയാണ് നിയോം സിറ്റി. പദ്ധതികളുടെ ഒരുക്കം മന്ദഗതിയിലായതിനാല്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് കരുതുന്നത്.

സൗദിയുടെ മുഖഛായ മാറ്റണമെന്ന് ആഗ്രഹമുള്ള നേതാവാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അദ്ദേഹം കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് നിയോം പദ്ധതി സംബന്ധിച്ച ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഷോപ്പുകളും അപ്പാര്‍ട്ട്‌മെന്റുകളുമെല്ലാം ഉള്‍ക്കൊള്ളുന്ന ജിദ്ദയോട് ചേര്‍ന്ന ഈ പദ്ധതി പ്രദേശം പൂര്‍ണമായും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും പ്രവര്‍ത്തിക്കുക.

50000 കോടി ഡോളര്‍ ചെലവാണ് നിയോം പദ്ധതിക്ക് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക. ഉയരം കൂടുതല്‍ എന്നത് മാത്രമല്ല നിയോമിലെ നിര്‍ദിഷ്ട കെട്ടിടങ്ങളുടെ പ്രത്യേകത. പരപ്പിലും വളരെ വലുതായിരിക്കും. ചെങ്കടല്‍ തീരം മുതല്‍ മരുഭൂമിയിലേക്ക് നീണ്ടു കിടക്കുന്നതാകും കെട്ടിടങ്ങള്‍.

ഭൂമിക്കടിയിലൂടെയുള്ള ഹൈസ്പീഡ് റെയില്‍ പദ്ധതിയായിരുന്നു നേരത്തെ നിയോമില്‍ തീരുമാനിച്ചിരുന്നത്. വാഹനങ്ങളുടെ ശല്യം ഒഴിവാക്കി പൂര്‍ണമായും ഹരിതാഭമാകും നിയോം എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനത്തില്‍ നിന്ന് അധികൃതര്‍ മാറി ചിന്തിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ഭൂമിക്കടിയിലെ പദ്ധതിക്ക് പകരം അടുത്തടുത്തായി കൂറ്റന്‍ കെട്ടിടങ്ങള്‍ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍.

നിര്‍ദ്ധിഷ്ട കൂറ്റന്‍ കെട്ടിടങ്ങളില്‍ താമസ സൗകര്യവും ഓഫീസുകളും മാത്രമാകില്ല, ഫാക്ടറികളും മാളുകളുമെല്ലാം ഉള്‍പ്പെടുമെന്ന് ഇവിടെയുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് അത്യാധുനിക നഗരം സ്ഥാപിക്കാനായിരുന്നു ബിന്‍ സല്‍മാന്റെ ആദ്യ പദ്ധതി. ഇതിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. വാഹനങ്ങളില്ലാത്ത നഗരം എന്നതായിരുന്നു സങ്കല്‍പ്പം.

നിയോം പൂര്‍ത്തിയായാല്‍ വിപ്ലവകരമായ മാറ്റമാകുമുണ്ടാകുക എന്ന് പദ്ധതിയുടെ സിഇഒ നദ്മി അല്‍ നാസര്‍ പറഞ്ഞു. എന്നാല്‍ പദ്ധതിയുടെ രൂപരേഖ അദ്ദേഹം വിശദീകരിച്ചില്ല. കെട്ടിടങ്ങളുടെ ഉയരം ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കില്ലെന്ന് നാസര്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ദുബായിലാണ്. അതിനേക്കാള്‍ വലുത് ജിദ്ദയില്‍ നിര്‍മിക്കുമെന്ന് സൗദി കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, പിന്നീടാണ് അദ്ദേഹം സാമ്പതിക്കമായി തളര്‍ന്നത്