ദില്ലി; നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിച്ചതോടെ രാജ്യസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. 15 സംസ്ഥാനങ്ങളിൽ നിന്നായി 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഏറ്റവും കനത്ത പോരാട്ടത്തിന് വഴിയൊരുങ്ങുന്നത് നാല് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഹരിയാന, കർണാടക, രാജസ്ഥാൻ എന്നിവടങ്ങളിലാണ് മത്സരം കനക്കുക. നിയമസഭയിലെ സീറ്റുകളുടെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന സീറ്റുകളേക്കാൾ കൂടുതൽ ലക്ഷ്യം വെച്ച് പാർട്ടികൾ സ്ഥാനാർത്ഥികളെ മത്സരത്തിനിറക്കിയതോടെയാണ് ഇത്.

അതേസമയം അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ബി ജെ പി കുതിരക്കച്ചവടത്തിന് ഇറങ്ങിയേക്കുമെന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിൽ ശക്തമായിട്ടുണ്ട്. ഇതോടെ മറ്റൊരു റിസോർട്ട് രാഷ്ട്രീയത്തിന് കൂടി കളമൊരുങ്ങിയിരിക്കുകയാണ്. ഹരിയാനയിൽ എം എൽ എമാരെ മാറ്റാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.

ഹരിയാനയിൽ രണ്ട് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗ സംഖ്യയുടെ അടിസ്ഥാനത്തിൽ ബി ജെ പിക്കും കോൺഗ്രസിനും ഓരോ സീറ്റ് വീതം ജയിക്കാൻ കഴിയും. നിലവിൽ ബി ജെ പിയുടെ കൃഷ്ണലാൽ പൻവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ രണ്ടാം സീറ്റ് ലക്ഷ്യം വെച്ച് മാധ്യമ സ്ഥാപന മേധാവി കാർത്തികേയ ശർമയെ ബി ജെ പി ഇറക്കിയതോടെ മത്സരം മുറുകി.

ഒരംഗത്തെ ജയിപ്പിക്കാനുള്ള 31 സീറ്റുകൾ കോൺഗ്രസിന് സംസ്ഥാനത്ത് ഉണ്ട്. അജയ് മാക്കനെയാണ് കോൺഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്. സംസ്ഥാന നേതാക്കളെ തഴഞ്ഞ് പുറത്ത് നിന്നൊരാൾക്ക് സീറ്റ് നൽകിയതിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇത് മുതലെടുക്കാൻ ബി ജെ പി ശ്രമിച്ചാൽ കോൺഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്താകും. ഈ സാഹചര്യത്തിലാണ് എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചത്. എം എൽ എമാരെ ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ മുറികൾ ബുക്ക് ചെയ്തതായി കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

മുതിർന്ന നേതാവായ കുൽദീപ് ബിഷണോയ് ആണ് നേതൃത്വത്തിനെതിരെ അതൃപ്തിയിൽ കഴിയുന്നത്. ബിഷ്ണോയ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബിഷ്ണോയി ബി ജെ പിയിലേക്ക് പോകുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. അത് മാത്രമല്ല കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള അംഗമാണ് കാർത്തികേയ ശർമ. അദ്ദേഹത്തിന്റെ പിതാവടക്കം ഉള്ളവർ സംസ്ഥാനത്തെ കോൺഗ്രസിന്റെ ശക്തരായ നേതാക്കളാണ്. ഈ സ്വാധീനവും ബി ജെ പി മുതലെടുത്തേക്കുമെന്നുള്ള ആശങ്കയും കോൺഗ്രസിനുണ്ട്.

അതിനിടെ ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ കർണാകയിലും കനത്ത പോരിനാണ് കളമൊരുങ്ങിയിരക്കുന്നത്. ഇവിടെ നാല് സീറ്റുകളിലാണ് ഒഴിവ്. ബി ജെ പിക്ക് രണ്ടും കോൺഗ്രസിന് ഒരു സീറ്റും എതിരില്ലാതെ ജയിക്കാൻ സാധിക്കും. നാലാം സീറ്റ് ബി ജെ പി പിന്തുണയോടെ ജയിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ജെഡിഎസ്. എന്നാൽ നാലാം സീറ്റിലേക്ക് സ്ഥാനാർത്ഥിയെ ഇറക്കി കോൺഗ്രസ് മത്സരം കടിപ്പിച്ചു. ഇതോടെ മൂന്നാം സ്ഥാനാർത്ഥിയെ ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ആറ് സീറ്റിലാണ് ഒഴിവ്. ബിജെപിക്ക് രണ്ട് സീറ്റിലും ശിവസേന, കോൺഗ്രസ്, എൻ സി പി എന്നിവർക്ക് ഒരു സീറ്റ് വീതവും ജയിക്കാം. ആറാം സീറ്റിലേക്ക് ശിവസേനയും ബി ജെ പിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സീറ്റിൽ കോൺഗ്രസിന് രണ്ടും ബി ജെ പിക്ക് ഒരു സീറ്റിലേക്കുമാണ് ജയിക്കാൻ സാധിക്കുക. നാലാം സീറ്റിൽ കോൺഗ്രസും ബി ജെ പി പിന്തുണയോടെ സ്വതന്ത്രനുമാണ് മത്സരിക്കുന്നത്.