കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസില്‍ വിധി എഴുതി വെച്ച് കഴിഞ്ഞതാണ്. ഇപ്പോള്‍ നടക്കുന്നത് വെറും നാടകമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കോടതിയില്‍ നിന്ന് പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

ഉന്നതരോട് ഒരു നീതി സാധാരണക്കാരോട് മറ്റൊരു രീതി എന്നതാണ് ഇപ്പോള്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു. നേരത്തെ തന്നെ വിചാരണ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു. കോടതിയുടെ ഇടപെടല്‍ ദുരൂഹമാണെന്നും, ഇരയുടെ ഭാഗത്ത് നില്‍ക്കുന്ന സമീപനമല്ല കോടതിയുടേതെന്നും അവര്‍ പറഞ്ഞിരുന്നു.

വിചാരണ കോടതി ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്. അതവരുടെ കൈയ്യിലുണ്ട്. ഇനി അത് ഏത് ദിവസം പ്രഖ്യാപിക്കണം എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ബാക്കിയെല്ലാം കഴിഞ്ഞതാണ്. ഇപ്പോള്‍ നടക്കുന്ന പല കാര്യങ്ങളും നാടകങ്ങളാണ്. കോടതിയില്‍ കൊണ്ടുപോയി പേപ്പര്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്ന അപമാനവും പരിഹാസവുമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറി. എന്തുകൊണ്ട് ഇവര്‍ മാറി എന്ന് കോടതി ചോദിക്കുന്നില്ല. മേല്‍കോടതികളില്‍ ഉള്ളവര്‍ എന്തുകൊണ്ട് കീഴ്‌കോടതിയില്‍ നിന്ന് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോകുന്നു എന്ന് ചോദിക്കുന്നേയില്ല. അതിനൊരു കാരണമുണ്ടാവില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

കോടതിയില്‍ പോയി ചോദിക്കുമ്പോള്‍, അവിടെ നിന്ന് കോടതി ചോദിക്കുന്നത്, നിങ്ങള്‍ക്ക് ഇങ്ങനെ മൊബൈല്‍ സറണ്ടര്‍ ചെയ്ത് കൂടേ, നിങ്ങള്‍ക്ക് ഇങ്ങനൊക്കെ ചെയ്തൂടേ എന്നൊക്കെയാണ്. ഇങ്ങനൊക്കെ സാധാരണക്കാരനോട് കൂടി ചോദിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയില്‍ കുറച്ച് വിശ്വാസവും ബഹുമാനവുമൊക്കെയുണ്ടാവും. പണമുള്ളവര്‍ക്ക് മാത്രമേ കോടതികളില്‍ പോകാന്‍ സാധിക്കുകയുള്ളൂ. എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാന്‍ സാധിക്കൂ. ഏതറ്റം വരെയും എന്ത് അതിക്രമവും കാണിക്കാന്‍ സാധിക്കൂ. പാവപ്പെട്ടവര്‍ ഇതെല്ലാം കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്നാണ് നമ്മളോട് കോടതികള്‍ പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നീതിപിഠത്തോട് സാധാരണക്കാരന് ഭയവും സംശയവുമാണ്. അത് ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയായത് കൊണ്ടാണ്. ഒരു സാധാരണക്കാരന്‍ കോടതിയിലേക്ക് കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസില്‍ ഞാന്‍ തെറ്റ് ചെയ്തു എന്ന രീതിയിലാണ് ജഡ്ജി എന്നെ സംസാരിച്ചത്. പക്ഷേ ഞാന്‍ അതിനെ ബഹുമാനിക്കുന്നു. ഞാന്‍ നിയമം കൈയ്യിലെടുത്തത് കൊണ്ട് കോടതി ആ വാക്ക് ചോദിച്ചത്. തീര്‍ച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. പക്ഷേ ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍ കോടതി ചോദിക്കുന്നത് സാധാരണ രീതിയിലാണ്. സാധാരണക്കാര്‍ക്ക് ഒരു പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക് നീതിപീഠത്തെ സംശയമാണ്. ഭയവുമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.