കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെ കാരണങ്ങളും ദിലീപിനും കാവ്യ മാധവനുമിടയിലെ കാര്യങ്ങളും വിശദീകരിച്ച് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. ആക്രമിക്കപ്പെട്ട നടിയോട് കൂടുതല്‍ പകയുണ്ടായിരുന്നത് കാവ്യ മാധവനാണ് എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ദിലീപിന് കാവ്യയെ ഭയമായിരുന്നുവെന്നും സമീപകാല സംഭവങ്ങള്‍ സൂചിപ്പിച്ച് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അവസരം മുതലെടുത്തിരിക്കാമെന്നും അദ്ദേഹം സംശയിക്കുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും ലിബര്‍ട്ടി ബഷീര്‍ അവകാശപ്പെടുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വിശദാംശങ്ങള്‍ ഇങ്ങനെ…

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കകം പള്‍സര്‍ സുനിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന് സംഭവത്തില്‍ പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നതും അറസ്റ്റ് ചെയ്തതും. കാവ്യയ്ക്കും ബന്ധമുണ്ട് എന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും അവര്‍ ഇതുവരെ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല.

കേസില്‍ തുടക്കം മുതല്‍ ഒരു മാഡത്തെ കുറിച്ച് പറഞ്ഞു കേട്ടിരുന്നു എങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം മുന്നോട്ട് പോയില്ല. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണം വന്നപ്പോഴും മാഡത്തെ കുറിച്ച് ചര്‍ച്ചയായിരുന്നു. കാവ്യയാണ് മാഡം എന്ന രീതിയില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. കാവ്യ ഇപ്പോഴും കേസില്‍ സാക്ഷി മാത്രമാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ ചാനല്‍ ചര്‍ച്ചകളിലും മറ്റും തുടക്കം മുതല്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. ദിലീപിനെതിരായ നിലപാടാണ് കേസുമായി ബന്ധപ്പെട്ട് അദ്ദേഹം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. സിനിമാ രംഗത്തുള്ളവരുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം, ദിലീപ്, കാവ്യ മാധവന്‍, മഞ്ജുവാര്യര്‍ എന്നിവരുടെ ബന്ധം തുടങ്ങിയ കാര്യങ്ങളിലെല്ലാം ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. ദിലീപും കാവ്യമാധവനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടല്ല മഞ്ജുവാര്യര്‍ ആദ്യമായി അറിയുന്നതെന്നും നേരത്തെ മഞ്ജുവിന് കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

മീശമാധവന്‍ സിനിമയുടെ 125ാം ദിവസത്തിന്റെ ആഘോഷം കൊച്ചിയിലെ ഹോട്ടലില്‍ നടന്നപ്പോഴുണ്ടായ സംഭവവും ലിബര്‍ട്ടി ബഷീര്‍ വിശദീകരിച്ചു. കുഞ്ഞു മീനാക്ഷിയെ മടിയില്‍ വച്ച് അന്ന് രാത്രി മഞ്ജുവാര്യര്‍ കരഞ്ഞിരിക്കുന്നത് കണ്ടുവെന്നും ദിലീപും കാവ്യയും മറ്റൊരിടത്ത് വച്ച് സംസാരിക്കുകയായിരുന്നുവെന്നും താന്‍ അവരോട് ദേഷ്യപ്പെട്ടുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് കാവ്യയ്ക്ക് അറിയാം. ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടാണ് എല്ലാ പ്രശ്‌നങ്ങളുമുണ്ടായത് എന്നാണ് കാവ്യയുടെ ധാരണ. അതുകൊണ്ടുതന്നെ പക മൊത്തം കാവ്യയ്ക്കാണ്. കാവ്യയ്ക്ക് പെണ്‍പകയാണ്. പെണ്‍പക പുരുഷന്‍മാരുടെ പകയേക്കാള്‍ കൂടുതലാണ്. ദിലീപിന് കാവ്യയെ ഭയമാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കാന്‍ വേണ്ടിയാണ് ചെയ്തത്. സുനിയും നടിയും തമ്മില്‍ ബന്ധമുണ്ട് എന്ന് വരുത്താനായിരുന്നു ശ്രമം. കാവ്യയ്ക്കും ദിലീപിനും ഈ പദ്ധതിയുണ്ടായിരുന്നു. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സുനി ചെയ്തു. പിന്നീട് എല്ലാം കൈവിട്ടുപോയി. സുനിക്ക് സിനിമാ മേഖലയിലുള്ളവരെ എല്ലാവരെയും അറിയാമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.