ദില്ലി; തിരഞ്ഞെടുപ്പിന് മുൻപ് നടക്കാനിരിക്കുന്ന ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് പോരാടാനൊരുങ്ങി ബി ജെ പി. നിലവിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജനായക് പാർട്ടിയുമായി സഖ്യത്തിലാണ് ബി ജെ പി ഭരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പിൽ ഒറ്റയക്ക് മത്സരിക്കണമെന്നതാണ് പാർട്ടി നിലപാട്. ഒരുമിച്ച് മത്സരിക്കാനുള്ള താത്പര്യം ജെ ജെ പി പ്രകടിപ്പിച്ചെങ്കിലും ബി ജെ പി ഈ നിർദ്ദേശങ്ങൾ തള്ളുകളായിരുന്നു.

മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും, ജില്ലാ യൂണിറ്റുകൾ മുനിസിപ്പാലിറ്റികൾ തീരുമാനിക്കും, ഹരിയാന ബി ജെ പി അധ്യക്ഷൻ ഒ പി ധൻഖർ പറഞ്ഞു. മുനിസിപ്പാലിറ്റിയിൽ പാർട്ടിക്ക് വേണ്ടി പോരാടുന്ന സ്ഥാനാർത്ഥികളെ ബി ജെ പി ജില്ലാ യൂണിറ്റുകൾ തീരുമാനിക്കും തിരഞ്ഞെടുപ്പ് പദ്ധതി തയ്യാറാക്കാൻ ജൂൺ ഒന്നിന് പഞ്ച്കുളയിൽ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനലായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നയങ്ങളിൽ വലിയ പ്രതിഷേധമുയർന്ന സംസ്ഥാനമാണ് ഹരിയാന. അതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ ജനവികാരം തങ്ങൾക്ക് അനുകൂലമണോ പ്രതികൂലമാണോയെന്നതാണ് ബി ജെ പിക്ക് അറിയേണ്ടത്. അനുകൂലമായാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.

കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ 40 സീറ്റുകളുലായിരുന്നു ബി ജെ പി വിജയിച്ചത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് 6 പേരുടെ കുറവുണ്ടായി. കോൺഗ്രസിന് ലഭിച്ചത് 31 സീറ്റുകളായിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് ജെ ജെ പി നിലപാട് നിർണായകമായത്. ഉപമുഖ്യമന്ത്രി പദം നൽകിയാൽ ആർക്കൊപ്പവും സഖ്യം എന്നതായിരുന്നു ജെ ജെ പി വ്യക്തമാക്കിയത്. തുടർന്ന് ബി ജെ പി ജെജെപിയുമായി സഖ്യത്തിലെത്തുകയും ഭരണം പിടിക്കുകയായിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ ഭരണം നിലനിർത്തിയ സാഹചര്യത്തിൽ ഹരിയാനയിൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ബി ജെ പി പ്രതീക്ഷ.

അതേസമയം പഞ്ചാബ് വിജയത്തിന് പിന്നാലെ ഹരിയാനയിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്ന ആം ആആദ്മി പാർട്ടി നിലവിൽ ബി ജെ പിക്ക് വെല്ലുവിളിയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ആം ആദ്മിയും ആരംഭിച്ചിട്ടുണ്ട്. നേരത്തേ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് പിന്നാലെ, ഹരിയാണയിലെ ആം ആദ്മി പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസ്, ബി ജെ പി നേതാക്കളുടെ കുത്തൊഴുക്ക് ഉണ്ടായിരുന്നു. മുൻ മന്ത്രിമാരും എം എൽ എമാരും അടക്കമുള്ളവരായിരുന്നു പാർട്ടി വിട്ടവർ. ഗുരുഗ്രാമിലെ ബി ജെ പി എം എൽ എആയിരുന്ന ഉമേഷ് അഗര്‍വാള്‍, മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിജേന്ദ്ര സിങ്, ഐ എൻ എൽ ഡി . നേതാവും മുന്‍മന്ത്രിയുമായ ബല്‍ബീര്‍ സിങ് തുടങ്ങിയവരായിരുന്നു ഇക്കൂട്ടത്തിലെ പ്രധാനികള്‍.

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപും നഗര മേഖലയിൽ കൂട്ടക്കൊഴിഞ്ഞ് പോക്ക് ബി ജെ പിയിൽ നിന്ന് ഉണ്ടാകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാണ് തീർക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാർട്ടിയിൽ പുനഃസംഘടന നടത്തിയെങ്കിലും പൊളിച്ചെഴുത്തിനെ ചൊല്ലി പാർട്ടിയിൽ തർക്കം രൂക്ഷമായിരിക്കുകാണ്. ഇത് പരിഹരിക്കാനായില്ലേങ്കിൽ പഞ്ചാബിന് സമാനമായി കോൺഗ്രസിന് കനത്ത തോൽവി രുചിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.