ഇസ്ലാമാബാദ്; പാകിസ്ഥാനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിന് മുന്നറിയിപ്പ് നൽകി മുൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻ ഖാൻ. തലസ്ഥാന ന ഗരമായ ഇസ്ലാമാബാദിലെ പ്രതിഷേധങ്ങൾ പിൻവലിക്കുന്നതായി പ്രതിഷേധക്കാരെ അറിയിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. ആറ് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യം മുഴുവൻ പ്രതിഷേധവുമായി ഇസ്ലാമാബാദിലേക്ക് എത്തുമെന്നാണ് ഇമ്രാൻ മുന്നറിയിപ്പിൽ പറയുന്നത്.

പിടിഐയുടെ മാർച്ച് തടയാൻ സർക്കാർ നടത്തിയ റെയ്ഡുകളും അറസ്റ്റുകളും ഉൾപ്പെടെയുള്ള നടപടികളെ ഇമ്രാൻ അപലപിച്ചു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന് സുപ്രീം കോടതിക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഏപ്രിലിൽ ആയിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇമ്രാൻ ഖാൻ പുറത്താക്കപ്പെട്ടത്. ഇതേ തുടർന്ന് പുതിയ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പ്രതിഷേധ റാലിക്കായി ഇസ്ലാമാബാദിലെ ഡി-ചൗക്കിൽ ഒത്തുകൂടാൻ തന്റെ അനുയായികളോട് ഇമ്രാൻ ആഹ്വാനം ചെയ്തു. ദേശീയ തലസ്ഥാനത്ത് പ്രതിഷേധ റാലി അനുവദിക്കാൻ പാകിസ്ഥാൻ സുപ്രീം കോടതി അധികാരികളോട് നിർദേശിക്കുകയും ഇമ്രാനെ അറസ്റ്റ് ചെയ്യുന്നത് തടയുകയും ചെയ്തിരുന്നു.

തുടർന്നാണ് ഇസ്ലാമാബാദിൽ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഇവിടെ ഏറ്റുമുട്ടി. നൂറുകണക്കിന് പിടിഐ പ്രവർത്തകരെയും അതിന്റെ ചില നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിൽ പിടിഐയുടെ അനുയായികളെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നതും മർദ്ദിക്കുന്നതും ടിവി ചാനലുകൾ കാണിച്ചു. ലാഹോറിലെ ലിബർട്ടി ചൗക്കിൽ പോലീസ് വെടിവെപ്പിൽ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. അതേ സമയം പ്രതിഷേധക്കാർ ചൈന ചൗക്ക് മെട്രോ സ്റ്റേഷന് തീയിട്ടു. വിവിധ സ്ഥലങ്ങളിൽ മരങ്ങൾക്കും കുറ്റിച്ചെടികൾക്കും ഉൾപ്പെടെയും ഇവർ തീയിട്ടിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതിഷേധങ്ങൾക്കിടെ ലാഹോറിലെ ബട്ടി ചൗക്കിന് സമീപമുള്ള പാലത്തിൽ നിന്ന് വീണ ഫൈസൽ അബ്ബാസ് ചൗധരി എന്ന പിടിഐ പ്രവർത്തകൻ മരിച്ചു. അതേ സമയം പോലീസ് തന്നെ പാലത്തിൽ നിന്ന് തള്ളിയതായി പാർട്ടി നേതാവ് ഷഫ്ഖത്ത് മെഹ്മൂദ് അവകാശപ്പെട്ടു. സമരക്കാർ ആയുധങ്ങളുമായി എത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അവർ അക്രമം ആസൂത്രണം ചെയ്തതാണെന്നാണ് ഭരണകക്ഷി നേതാക്കൾ ആരോപിക്കുന്നു. അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥലത്ത് സൈനികരെ വിന്യസിക്കാൻ സർക്കാർ നിർബന്ധിതരായി എന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. പ്രധാന സർക്കാർ കെട്ടിടങ്ങൾക്ക് മുന്നിൽ എല്ലാം റെഡ് സോൺ പ്രഖ്യാപിച്ച് സൈന്യത്തെ കാവൽ നിർത്തിയിരിക്കുകയാണ് പാകിസ്ഥാൻ സർക്കാർ.