ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജനങ്ങള്‍ രാജവംശ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള സമയമാണിതെന്ന് മോദി പറഞ്ഞു. ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തില്‍ തെലങ്കാന ബിജെപി യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു പരാമര്‍ശം. വരുന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബിജെപി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്നും മോദി പറഞ്ഞു.

‘കുടുംബ രാഷ്ട്രീയം ആവേശഭരിതരായ യുവാക്കളെ രാഷ്ട്രീയത്തില്‍ വരാന്‍ അനുവദിക്കുന്നില്ല. അവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്, തെലങ്കാനയിലും രാജവംശ രാഷ്ട്രീയം ഇല്ലാതാക്കണം. രാജവംശ രാഷ്ട്രീയം തുടച്ചുനീക്കപ്പെട്ടിടത്തെല്ലാം വികസനവും വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്. കുടുംബ രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണ്, ഒരു ‘കുടുംബപാര്‍ട്ടി’ അധികാരത്തില്‍ വന്നാലുടന്‍ അവര്‍ അഴിമതിക്കാരായി മാറും. കഴിയുന്നിടത്തോളം കാലം അധികാരം നിലനിര്‍ത്താനാണ് കുടുംബം ശ്രമിക്കുന്നത്, മോദി പറഞ്ഞു.

അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ നയിക്കുന്നത് അന്ധവിശ്വാസമാണെന്ന് മോദി പറഞ്ഞു. അന്ധവിശ്വാസികള്‍ക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും തനിക്ക് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയെ ഇത്തരം അന്ധവിശ്വാസികളായ ആളുകളില്‍ നിന്ന് രക്ഷിക്കുമെന്നും മോദി പറഞ്ഞു. സന്യാസിയായിട്ടുപോലും അന്ധവിശ്വാസിയാകാത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടന്‍ തന്നെ വാസ്തുവിന്റെ പേരുപറഞ്ഞ് വീട് മാറിയ ആളാണ് ചന്ദ്രശേഖര റാവു. 50 കോടി രൂപയാണ് ഇതിനായി ചിലവാക്കിയത്. അഞ്ച് നിലകളോട് കൂടിയ ഏറ്റവും വലിയ ക്യാമ്പ് ഓഫീസാണ് ബീഗംപേട്ടില്‍ മുഖ്യമന്ത്രിക്ക് കിട്ടിയത്. ഭരിക്കുന്നയാള്‍ മറ്റുള്ളവരേക്കാള്‍ ഏറ്റവും ഉയരത്തിലായിരിക്കണം എന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണിതെന്നും മോദി പറഞ്ഞു.

ഒരു വര്‍ഷം മുന്നേയാണ് റാവു പുതിയ വീട്ടിലേക്ക് മാറിയത്. ഫാം ഹൗസില്‍ നടത്തിയ യാഗത്തില്‍ 150 പാചകക്കാരെ വെച്ച് ഭക്ഷണം തയ്യാറാക്കി 50,000 ആളുകള്‍ക്ക് വിതരണം ചെയ്തു. ഏഴ് കോടിയോളമാണ് ഇതിനായി ചെലവഴിച്ചത്. പക്ഷേ, അദ്ദേഹം പറഞ്ഞത് ഇതെല്ലാം ചില സ്പോണ്‍സര്‍മാണ് നടത്തിയതെന്നാണ്. സംഖ്യാജ്യോതിഷത്തില്‍ വിശ്വസിച്ചുകൊണ്ടും ആറ് എന്ന നമ്പരിനോടുള്ള പ്രിയംകൊണ്ടും 2018 സെപ്തംബര്‍ ആറിന് നിയമസഭ പിരിച്ചുവിടാന്‍ നിര്‍ദേശിച്ചയാളാണ് ചന്ദ്രശേഖര റാവു. 2014-ല്‍ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 12.57-ന് സത്യപ്രതിജ്ഞയെടുത്ത ആളാണ് ചന്ദ്രശേഖര റാവുവെന്നും മോദി പരിഹസിച്ചു.

തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 119-ല്‍ ഒരു സീറ്റ് മാത്രം നേടിയ ശേഷം, ഭരണകക്ഷിയായ ടിആര്‍എസില്‍ നിന്ന് ദുബ്ബാക്ക, ഹുസുറാബാദ് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. 2016ല്‍ നേടിയ 4 സീറ്റുകളെ അപേക്ഷിച്ച് 48 സീറ്റുകള്‍ നേടി 2020ല്‍ ജിഎച്ച്എംസി കൗണ്‍സിലിലും ബിജെപി തങ്ങളുടെ എണ്ണം മെച്ചപ്പെടുത്തി.