നടി ആക്രമിക്കപ്പെട്ട കേസിലും വധശ്രമ ഗൂഡാലോചന കേസിലും പൊലീസും കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. പൊലീസ് യാതൊരു തരത്തിലും ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തിലല്ല ഉള്ളത്, പകല്‍ വെളിച്ചത്തില്‍ തന്നെ മുന്നോട്ട് പോവാനുള്ള തെളിവ് ദിലീപിന്റെ ഫോണുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതിലൂടെയാണ് അന്വേഷണ സംഘം ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യമായ റൂട്ടിലൂടെ തന്നെയാണ് അന്വേഷണം പോവുന്നത്. ജനങ്ങള്‍ക്ക് പലതും പറയാം. എല്ലാം വാർത്തകളും അവരിലേക്ക് എത്താതിരിക്കുന്നത് കൊണ്ടുള്ള സംശയങ്ങളാണ് അവർക്ക്. നീതി ഉടന്‍ നടപ്പിലാവുമെന്നൊന്നും പറയാന്‍ സാധിക്കില്ല. ഒരുപാട് കാര്യങ്ങള്‍ അന്വേഷിക്കാനുണ്ട്. 200 മണിക്കൂർ ഓഡിയോ ഒരു മനുഷ്യന്‍ ദിവസം 10 മണിക്കൂർ മാറ്റിവെച്ച് കേട്ടാലും 20 ദിവസം മാത്രം വേണമെന്നും ബാലചന്ദ്രകുമാർ പറയുന്നു.

വിശ്വാസ വഞ്ചനെയെന്ന കാര്യം ഇതിലില്ല. നിങ്ങളെ വിശ്വസിച്ച് ഇവിടെ ഇരുത്തുകയാണെന്ന് ദിലീപ് പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക് അങ്ങനെ തോന്നിയേനെ. എന്റെ സാന്നിധ്യത്തില്‍ അവർ അങ്ങനെ ചെയ്തു. ബാലചന്ദ്രകുമാർ പുറത്ത് പറയില്ലെന്ന അമിത വിശ്വാസം എന്നില്‍ അവർക്കുള്ളത് ഉണ്ടായിരിക്കാം. അന്ന് ദിലീപ് വിളിച്ചപ്പോള്‍ ഞാന്‍ പോയി ആ വീഡിയോ കണ്ടെന്ന് കരുതുക. വർഷങ്ങള്‍ കഴിഞ്ഞ ഈ കണ്ട സംഘത്തിലെ മറ്റൊരാളാണ് ബാലചന്ദ്രകുമാറായി മാറുന്നതെങ്കില്‍ ഞാന്‍ പ്രതിയായി മാറില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

ദിലീപിനോട് വിശ്വാസ വഞ്ചന കാട്ടിയില്ലേ, എന്തുകൊണ്ട് പുറത്ത് പറഞ്ഞു എന്നുള്ള ചോദ്യങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ദിലീപ് ഇത്രയും സഹായം ചെയ്ത ആളല്ലേ, എന്നിട്ടും എന്തിനും ദിലീപിനെതിരെ സംസാരിച്ചു എന്നും ചോദിച്ച ആളുകളുണ്ട്. ഒരാള്‍ എന്നോട് വളരെ സ്നേഹത്തിലാണ്, അയാള്‍ എനിക്കും കുടുംബത്തിനമൊക്കെ ഭക്ഷണം വാങ്ങിച്ച് തരുന്നുണ്ട്. എന്നുവെച്ച് നാളെ അയാള്‍ എന്റെ മകളോട് മോശമായി പെരുമാറിയാല്‍ അയാളെ വെറുതെ വിടാന്‍ തോന്നുമോ എന്ന മറുപടിയാണ് ഞാന്‍ ഇവർക്കെല്ലാം നല്‍കിയതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.

ദിലീപിന് എനിക്കെതിരെ എന്തും പറയാം. ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എഡിജിപി ശ്രീജിത്തും ഞാനും ബന്ധുക്കളായിരുന്നുവെന്ന് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ തോറ്റുപോകുമെന്ന ഘട്ടത്തില്‍ എന്നെ കെട്ടിയിറക്കിയതാണെന്നും പുള്ളി പറയുന്നു. അപ്പോള്‍ പുളളി ജയിച്ചെന്ന വാക്ക് ആരോ അദ്ദേഹത്തിന് കൊടുത്തിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ഇന്ന, ഇന്ന ആളുകള്‍ ചേർന്ന് തന്നെ കേസില്‍ പ്പെടുത്തിയതാണെന്നും പുള്ളി പറയുന്നു. ഒരോ ഘട്ടത്തിലും ജയിക്കാന്‍ വേണ്ടി ഓരോ കള്ളങ്ങള്‍ പറയുകയാണ്. ഈ കഥകളെല്ലാം അപ്പോള്‍ തന്നെ പൊളിഞ്ഞു പോവാറുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.

ഞാനും പുള്ളിയുമായി ചേർന്ന് ആലോചിച്ച സിനിമയുടെ കഥ തന്നെ പറയാം. പടത്തിന്റെ തിരക്കഥ ഒരു ഘട്ടത്തിലെത്തിയപ്പോള്‍ പുള്ളി പറഞ്ഞു ഇത് എനിക്ക് പറ്റില്ല. പിന്നീട് നാലഞ്ച് സമയം കൂടി എടുത്തിട്ട് അതേ കഥവെച്ചിട്ട് വേറൊരു തിരക്കഥ എഴുതി. അപ്പോഴും പുള്ളി തൃപ്തനായിരുന്നില്ല. വീണ്ടും അതേ കഥവെച്ച് വെറൊരു തിരക്കഥ എഴുതി. അങ്ങനെ ഒരു കഥയുടെ തന്നെ ആറ് തിരക്കഥകള്‍ എഴുതി. ആറാമത്തേതിനായിരുന്നു പുള്ളി ഓക്കെ പറഞ്ഞത്. അതായത് ഒന്നിനോട് ഇഷ്ടം കുറയുമ്പോഴോ പരാജയപ്പെടുമ്പോഴോ പുള്ളി പുതിയൊരു കഥയുണ്ടാക്കും. അതുപോലെയാണ് ഈ കേസിലും നടക്കുന്നത്. 2017 മുതല്‍ ഇങ്ങോട്ട് കഥകളുടെ ബഹളമാണ്.