വാഷിംഗ്ടൺ; യുഎസിലെ ടെക്‌സാസിലെ സ്‌കൂളിൽ അതിക്രമിച്ചു കയറി 19 കുട്ടികളടക്കം 21 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ പതിനെട്ടുകാരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഉവാൾഡെയിൽ ചെറിയ തൊഴിലാളികൾക്ക് രാത്രികാല മാനേജരായി ജോലി ചെയ്തിരുന്ന സാൽവഡോർ റൊളാൻഡോ റാമോസ് എന്നയാളാണ് കൊലപാതകി. ശരീര കവചം ധരിച്ച്, കൈത്തോക്കും സെമി ഓട്ടോമാറ്റിക് റൈഫിളുമായി റോബ് എലിമെന്ററി സ്‌കൂളിലേക്ക് നടന്ന് കയറി കുട്ടികൾക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു.

റാമോസ് വ്യത്യസ്ഥത ചെയ്യാൻ ഇഷ്ടമുള്ള ആളാണെന്നാണ് ഇയാളുടെ സുഹൃത്തുകൾ നൽകുന്ന വിവരം. ആരും ഇയാളെ മനസിലാക്കാൻ ശ്രമിച്ചിരുന്നില്ലെന്നും ഇയാൾക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആണെന്നും ഇവർ പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു ആക്രമണം നടത്താൻ റാമോസിന് കഴിയുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ സ്കൂളിൽ ആക്രമണം നടത്തുന്നതിന് മുമ്പ് റാമോസ് സ്വന്തം മുത്തശ്ശിക്കെതിരെ വെടിയുതിർത്ത് പരിക്കേൽപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. റാമോസ് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതായി ഇയാളുടെ അമ്മ ആരോപിച്ചിരുന്നെന്നും ആയതിനാൽ റാമോസിന്റെ വീട്ടിൽ ഇടക്കിടെ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കുട്ടിക്കാലത്ത് ഇയാൾക്ക് സംസാര വൈകല്യം ഉണ്ടായിരുന്നെന്നും കുടംബപ്രശ്നങ്ങൾ മൂലം ഒറ്റപ്പെട്ട ജീവിതമായിരുന്നു റാമോസ് നയിച്ചിരുന്നതെന്നും. സമീപ കാലങ്ങളിൽ ഇയാൾ അപരിചിതർക്കെതിരെ പെട്ടെന്ന് തട്ടിക്കേറുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും റാമോസിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് പറയുന്നു. ആവർത്തിച്ചുള്ള പീഡനത്തെ തുടർന്ന് റാമോസ് സ്‌കൂളിൽ നിന്ന് ഇറങ്ങിപ്പോയെന്നാണ് റാമോസിന്റെ സഹപാഠികളായിരുന്നവർ പറയുന്നത്. നാല് ദിവസം മുമ്പ് റാമോസ് തോക്കുകളുടെ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നെന്നും ഇയാളുടെ മറ്റൊരു സുഹൃത്ത് പറയുന്നു. റാമോസിന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിൽ കൂടുതലും തന്റെ തോക്കുകളുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിദ്യാലയത്തിൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് “ഞാൻ പോകുകയാണ്” എന്ന വാചകം സോഷ്യൽ മീഡിയ വഴി റാമോസ് പങ്കിട്ടിരുന്നു. കൂടാതെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലൂടെ ഒരു പെൺകുട്ടിയോടും ഇയാൾ ചാറ്റ് ചെയ്തിരുന്നു. എനിക്ക് ഒരു രഹസ്യം ലഭിച്ചു, എനിക്ക് നിങ്ങളോട് പറയണം എന്നായിരുന്നു റാമോസ് പെൺകുട്ടിക്ക് അയച്ച മെസ്സേജ്. എന്തിനെപ്പറ്റിയാണെന്ന് പെൺകുട്ടി തിരിച്ചു ചോദിച്ചപ്പോൾ അത് 11 മണിക്ക് ശേഷം പറയാം എന്നായിരുന്നു റാമോസിന്റെ മറുപടി. രാവിലെ 9.16 നാണ് ഇവരുടെ അവസാന മെസേജ്. തുടർന്ന് 11.32നാണ് റാമോസ് റോബ് എലിമെന്ററി സ്‌കൂളിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുന്നത്.