ദില്ലി: അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പഞ്ചാബിലെ ആരോഗ്യവകുപ്പ് മന്ത്രി വിജയ് സിംഗ്ല അറസ്റ്റില്‍. അഴിമതി ആരോപണത്തില്‍ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യുന്നതായി മുഖ്യമന്ത്രി ഭാഗവന്ത് മന്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ വിജയ് സിംഗ്ലയെ അറസ്റ്റ് ചെയ്തത്. ടെന്‍ഡറുകള്‍ക്ക് ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടു എന്നാണ് മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിജയ് സിംഗ്ലയ്ക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാരന്‍ തന്നെയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. താന്‍ ഒപ്പമുണ്ടെന്നും മന്ത്രിയെ ഭയക്കേണ്ട കാര്യമില്ലെന്നും പരാതിക്കാരന് ഭാഗവന്ത് മന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയും അടുപ്പക്കാരും അഴിമതി നടത്തിയതായി കണ്ടെത്തിയത്. കോള്‍ റെക്കോര്‍ഡുകള്‍ അടക്കമുളള തെളിവുകള്‍ ലഭിച്ചതോടെയാണ് മന്ത്രിയെ പുറത്താക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

അഴിമതി ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്ന് ഭാഗവന്ത് മന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു ശതമാനം പോലും അഴിമതി വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു. ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ച് അധികാരത്തില്‍ എത്തിച്ചത് വളരെ അധികം പ്രതീക്ഷകളോടെയാണ്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഭാരതാംബയ്ക്ക് അരവിന്ദ് കെജ്രിവാള്‍ എന്നൊരു മകനും ഭാഗവന്ത് മന്‍ എന്നൊരു സൈനികനും ഉളളിടത്തോളം കാലം അഴിമതിക്ക് എതിരെയുളള യുദ്ധം തുടരുക തന്നെ ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വിജയ് സിംഗ്ല തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഭാഗവന്ത് മന്‍ അറിയിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ രണ്ടാം തവണയാണ് ഒരു മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ അംഗത്തിന് എതിരെ ഇത്തരത്തില്‍ കടുത്ത നടപടിയെടുക്കുന്നത്. നേരത്തെ 2015ല്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ദില്ലി സര്‍ക്കാരില്‍ നിന്നും മന്ത്രിയെ അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയിരുന്നു. ഭാഗവന്ത് മന്നിന്റെ നടപടിയെ കെജ്രിവാള്‍ അഭിനന്ദിച്ചു. ”ഭാഗവന്ത് മന്നിനെ കുറിച്ച് അഭിമാനിക്കുന്നു. നിങ്ങളുടെ തീരുമാനം തന്റെ കണ്ണ് നനയിച്ചു. രാജ്യം മുഴുവന്‍ എഎപിയെ കുറിച്ച് അഭിമാനിക്കുന്നു ” എന്നാണ് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.