കൊച്ചി: സർക്കാരിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ഫിക്സിഡ് ഡെപ്പോസിറ്റായി കിട്ടുമെന്ന് വിചാരിച്ചാണ് പിണറായി വിജയൻ ഭീകരവാദികളെ സഹായിക്കുന്നതെന്ന് സുരേന്ദ്രൻ വിമർശിച്ചു. സംസ്ഥാനത്ത് സാമുദായിക സൗഹാർദം തകരുമ്പോഴാണ് സർക്കാർ ഭീകരവാദ സംഘടനകളെ സഹായിക്കുന്നതെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രന്‍ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആലപ്പുഴയിലെ വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യത്തെ സരക്കാർ അവഗണിച്ചത്. ‘അവിലും മലരും വാങ്ങിക്കോ, കുന്തിരിക്കം വാങ്ങിക്കോ, നിങ്ങളുടെ കാലൻമാർ ഇതാ വരുന്നു’… എന്ന പ്രകോപനപരമായ മുദ്രാവാക്യം കുട്ടിയെ കൊണ്ട് വിളിപ്പിച്ച സംഘാടകരായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ല. മുദ്രവാക്യം വിളിച്ച സംഭവത്തിൽ ആളുകളുടെ കണ്ണിൽ പൊടിയിടാൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ശനിയാഴ്ചയായിരുന്നു ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപനപരമായ പ്രസംഗം. ഒരാളുടെ ചുമലിൽ കയറി ഇരുന്ന കുട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. കുട്ടി പറയുന്നത് മറ്റുള്ളവർ ഏറ്റുവിളിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ തങ്ങൾ ആവശ്യപ്പെട്ടിട്ടല്ല കുട്ടി മുദ്രാവാക്യം വിളിച്ചതെന്നായിരുന്നു എസ് ഡി പി ഐയുടെ വിശദീകരണം.

അതേസമയം കാശ്മീരിൽ നടന്നത് തന്നെയാണ് ആലപ്പുഴയിലും നടക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.‌‌‌‌ ‘മര്യാദയ്ക്ക് ജീവിച്ചില്ലെങ്കിൽ ഈ നാട്ടിൽ നിന്നും ഓടിക്കുമെന്ന’ തരത്തിലുള്ള ആസാദി മുദ്രാവാക്യമാണ് കാശ്മീരിനെ പോലെ ഇപ്പോൾ കേരളത്തിലും കേൾക്കുന്നത്. ഇതിനെതിരെ എന്താണ് കേസെടുക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ആലപ്പുഴയിൽ രൺജിത്ത് ശ്രീനിവാസൻ്റെ കൊലപാതകത്തിന് ശേഷവും പ്രകോപനമുണ്ടാവുന്നു. പി എഫ് ഐയും പി ഡി പിയും തൃക്കാക്കരയിൽ ഇടത് സഖ്യകക്ഷികളായാണ് പ്രവർത്തിക്കുന്നത്. പി സി ജോർജിനെ വേട്ടയാടുന്നതും ഇതുകൊണ്ടാണ്. ഇരട്ടനീതിയാണ് ഇതെന്ന് ആർക്കും ബോധ്യമാവുമെന്നും സുരേന്ദ്രൻ വിമർശിച്ചു. മദനിയുടെ പടം വെച്ച് ഇടതുമുന്നണി വോട്ട് തേടുന്നു. പി ഡി പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് സി പി എം എം എൽ എ എച്ച്.സലാമാണ്. അപായകരമായ നീക്കമാണ് സി പി എം നടത്തുന്നതെന്നും ബി ജെ പി അദ്ധ്യക്ഷൻ പറഞ്ഞു. വോട്ടിന് വേണ്ടി സി പി എം എന്തും ചെയ്യും. ക്രിസ്ത്യൻ പുരോഹിതന്മാരുടെ പേരിൽ കേസെടുക്കുന്ന സർക്കാർ മതവർഗീയവാദികളുടെ പേരിൽ കേസ് എടുക്കുന്നില്ല. ലക്ഷദ്വീപിൽ കോടികളുടെ മയക്കുമരുന്ന് പിടിച്ചതിന് പിന്നിലും കേരളത്തിലെ ഭീകരവാദികൾ തന്നെയാണ്. യു ഡി എഫ് തൃക്കാക്കരയിൽ ജയിക്കാൻ വേണ്ടി എല്ലാത്തിനും കണ്ണടയ്ക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു കേരളത്തിൽ പിണറായി സർക്കാർ ജനവിരുദ്ധ നയം തുടരുകയാണ്. ഇന്ധന നികുതിയിൽ കേന്ദ്രം കുറച്ച ഒരു രൂപ കേരളത്തിൽ കാണുന്നില്ല. സംസ്ഥാനം അധിക നികുതി കുറയ്ക്കാത്തതെന്താണ്? ധനകാര്യമന്ത്രി പച്ചക്കള്ളമാണ് പറയുന്നത്. കേന്ദ്രസർക്കാർ രണ്ട് തവണ നികുതി കുറച്ചിട്ടും കേരളം എന്താണ് കുറയ്ക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് വലിയ കൊള്ളയാണ് നടക്കുന്നത്. കെ-റെയിലിൻ്റെ പേരിലുള്ള നാടകം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ഷൈജു, ജില്ലാ സെക്രട്ടറി ബസിത്ത് കുമാർ എന്നിവർ പങ്കെടുത്തു.