കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിൽ നേതാക്കൾക്കൊപ്പം വെച്ചിരുന്ന കെ.വി തോമസിന്റെ ചിത്രം പ്രവർത്തകർ എടുത്തുമാറ്റി കത്തിച്ചു.

ഓഫീസിന് പുറത്ത് റോഡിലിട്ടാണ് ചിത്രം തീയിട്ടത്. കെ.വി തോമസിനെ പുറത്താക്കിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചതിന് പിന്നാലെയാണ് പ്രവർത്തകരുടെ രോഷപ്രകടനം.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ സഗീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തിരുത തോമസ് ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രവർത്തകർ ചിത്രം എടുത്തുമാറ്റാൻ എത്തിയത്.

കെവി തോമസ് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെയും കുമ്പളങ്ങിയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു. തൃക്കാക്കരയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത കെ.വി തോമസ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചത്.