തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യക്ക് ചരിത്രനേട്ടം.മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ സെമിഫൈനലിൽ എത്തി. ഇതോടെ ഒരു മെഡൽ പുരുഷതാരങ്ങൾ ഉറപ്പിച്ചു. 2-2ന് സമനിലയിൽ വന്ന ടൂർണ്ണമെന്റിൽ നിർണ്ണായക മത്സരത്തിൽ മലയാളി താരം എച്ച്.എസ് പ്രണോയ് നേടിയ വിജയമാണ് നിർണ്ണായകമായത്.

മലേഷ്യയുടെ ലിയോംഗ് ജൂൻ ഹാവോവിനെ 21-13, 21-8നാണ് പ്രണോയ് തകർത്തത്. തോമസ് കപ്പിന്റെ ചരിത്രത്തിൽ 43 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ സെമിഫൈനലിലേക്ക് കടക്കുന്നത്. സെമിയിൽ ഡെൻമാർക്കോ കൊറിയയോ ആയിരിക്കും എതിരാളി.

1979ന് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ തോമസ് കപ്പിന്റെ സെമിഫൈനലിൽ എത്തുന്നത്. ഇതിന് മുമ്പ് സെമിഫൈനലിൽ കയറിയാലും മെഡൽ എന്നത് തീരുമാനിച്ചി രുന്നില്ല. പുതിയ തീരുമാനം അനുസരിച്ച് സെമിയിൽ കയറിയാൽ വെങ്കലം ഉറപ്പാണ് എന്നത് ഇന്ത്യക്ക് മെഡൽ ഉറപ്പാക്കിയിരിക്കുകയാണ്.

ആദ്യമത്സരത്തിൽ ജയം മലേഷ്യക്കായിരുന്നു. ലീ സീ ജീ 23-21, 21-9ന് ലക്ഷ്യാ സെന്നിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ സാത്വിക് റങ്കിറെഡ്ഡി ഗോ സീ ഫീയിനെ 21-19,21-15ന് തോൽപ്പിച്ച് 1-1 സമനില പിടിച്ചു. മൂന്നാം മത്സരത്തിൽ സീനിയർ താരവും നായകനുമായ കിഡംബി ശ്രീകാന്ത് ടീ യോംഗിനെ 21-11, 21-17ന് തകർത്ത് 2-1ന്റെ ലീഡ് നൽകി. എന്നാൽ ഡബിൾസിൽ ആരോൺ ചിയ-തിയോ ഈ യോ സഖ്യം കൃഷ്ണ പ്രസാദ്-വിഷ്ണുവർദ്ധൻ ജോഡിയെ 21-19, 21-17ന് തോൽപ്പിച്ച് 2-2 സമനില പിടിക്കുകയായിരുന്നു.