മുൻ കേന്ദ്രമന്ത്രി കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുകയും കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ആക്ഷേപിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.

എഐസിസി അനുമതിയോടെയാണ് പുറത്താക്കലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചു. ഇനി കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടി കെ.വി തോമസിനെ അറിയിച്ചതായും കെ. സുധാകരൻ വ്യക്തമാക്കി.

നേരത്തെ സിപിഎം 23 ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന സെമിനാറിൽ പാർട്ടി വിലക്ക് മറികടന്നും കെ.വി തോമസ് പങ്കെടുത്തിരുന്നു. എന്നാൽ ഇതിന്റെ പേരിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് വേണ്ടെന്നും കെ.വി തോമസിന് നേട്ടമുണ്ടാക്കുന്ന നീക്കം ഉചിതമാകില്ലെന്നും നേതാക്കൾ തീരുമാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും കെ.വി തോമസ് നേതാക്കളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്റെ പിന്തുണ എൽഡിഎഫിനാണെന്നും കോൺഗ്രസുകാരനായി നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കുമെന്നും കെ.വി തോമസ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എൽഡിഎഫിന്റെ കൺവെൻഷനിൽ വൈകിട്ട് കെ.വി തോമസ് പങ്കെടുത്തത്.

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയെയും എ.കെ ആന്റണിയെയും കെ.വി തോമസ് എൽഡിഎഫ് വേദിയിൽ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. തൃക്കാക്കരയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തെയും വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിടുക്കത്തിലുളള നടപടി.