ഭൂമിയുടെ ശ്വാസകോശമായ ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളില്‍ ഏപ്രില്‍ മാസത്തില്‍ നടന്നത് റെക്കോഡ് വനനശീകരണം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വനമേഖലയാണ് ഏപ്രില്‍ മാസത്തില്‍ അപ്രത്യക്ഷമായത്. ഏപ്രില്‍ മാസത്തെ ആദ്യ 29 ദിനങ്ങളില്‍ ആമസോണിലെ 1,012.5 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമാണ് നശിക്കപ്പെട്ടതെന്ന് ബ്രസീലിലെ നാഷണല്‍ സ്പേസ് റിസേര്‍ച്ച്‌ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ ആദ്യ നാല് മാസം കൊണ്ട് ആമസോണിലെ 1,954 ചതുരശ്ര വനമേഖലയാണ് നഷ്ടമായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69 ശതമാനം അധികമാണിത്. പ്രസിഡന്റ് ജെയ്‌ര്‍ ബൊല്‍സൊനാരോ അധികാരത്തിലെത്തിയ ശേഷം ആമസോണിലെ വനനശീകരണ നിരക്ക് റെക്കോഡ് വേഗത്തില്‍ ഉയരുകയാണ്. അനധികൃതമായി വനനശീകരണം നടത്തുന്നവര്‍ക്ക് ബൊല്‍സൊനാരോ ഭരണകൂടം കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം ആദ്യം മുതല്‍ തന്നെയുണ്ട്.

ആമസോണിന്റെ നല്ലൊരു ഭാഗം 2019ലെ കാട്ടുതീയില്‍ നശിച്ചിരുന്നു. ആമസോണ്‍ മഴക്കാടുകളാണ് നമ്മുടെ ഭൂമിയുടെ ജീവവായുവിന്റെ നല്ലൊരു ഭാഗവും പ്രധാനം ചെയ്യുന്നത്. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ഉഷ്ണക്കാലത്ത് ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ സാധാരണമാണ്. ഇടിമിന്നല്‍ പോലുള്ള പ്രകൃതിയിലെ വ്യതിയാനങ്ങള്‍ കാട്ടുതീയ്ക്ക് ഇടയാക്കാറുണ്ട്. കൂടാതെ മനുഷ്യന്റെ കൈകടത്തലും വന്‍ തോതില്‍ ഉണ്ട്.

ഏകദേശം മൂന്ന് ദശലക്ഷം സ്പീഷീസിലെ സസ്യജന്തുജീവജാലങ്ങളും ഒരു ലക്ഷത്തോളം തദ്ദേശവാസികളും ജീവിക്കുന്ന ആമസോണ്‍ നദീതടപ്രദേശം ആഗോളതാപനത്തെ ചെറുക്കുന്നതില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഭൂമിയിലെ ആകെ ഓക്സിജന്റെ ഏകദേശം 20 ശതമാനം ആമസോണിന്റെ സംഭാവനയാണ്. ഇവിടുത്തെ മഴക്കാടുകള്‍ ദശലക്ഷക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ആഗിരണം ചെയ്യുന്നത്. വന നശീകരണം ഇതിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഭൂമിയില്‍ വന്‍തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.