ഇസ്രായേല്‍ വെടിവെച്ചു കൊന്ന അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ ആഖിലയുടെ സംസ്​കാരം ഇന്ന് ജറൂസലമില്‍ നടക്കും.

ജെനിന്‍ നഗരത്തില്‍ ഇന്നലെ നടന്ന വിലാപയാത്രയില്‍ ആയിരത്തിലധികം പേരാണ് എത്തിയത്. മാധ്യമ പ്രവര്‍ത്തകയുടെ കൊലയുമായി ബന്ധപ്പെട്ട്​ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന്​ ഫലസ്​തീന്‍ പ്രസിഡന്‍റ് മഹ്​മൂദ്​ അബ്ബാസ്​ വ്യക്തമാക്കി.

രണ്ട്​ പതിറ്റാണ്ടുകളിലേറെയായി ഫലസ്​തീന്‍ ജനതയുടെ നോവുകള്‍ ലോകസമൂഹത്തിന്​ മുന്നില്‍ റിപ്പോര്‍ട്ട്​ ചെയ്യുന്ന ധീര മാധ്യമ പ്രവര്‍ത്തകയാണ്​ ഷീറിന്‍ അബൂ ആഖില. ​ വെസ്​റ്റ്​ബാങ്കിലെ ജെനിന്‍ പട്ടണത്തില്‍ ഇന്നലെ കാലത്താണ്​ ഷീറിന്‍ കൊല്ലപ്പെട്ടത്​. ജനിന്‍ നഗരത്തിലെ ആശുപത്രിയില്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരും കണ്ണീരോടെയാണ്​ മൃതദേഹം ഏറ്റുവാങ്ങിയത്​. ക്രൈസ്​തവ പുരോഹിതന്‍റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകളും നടന്നു. തുടര്‍ന്ന്​ നിരവധി വാഹനങ്ങളുടെ അകമ്ബടിയോടെ വിലാപയാത്ര നടന്നു. ഇസ്രായേല്‍ ക്രൂരതകള്‍​ക്കെതിരെയും ഫലസ്​തീന്‍ ജനതയുടെ നിതിനിഷേധത്തിനെതിരെയും പ്രവര്‍ത്തിച്ച ഷിറീന്‍ അബൂ അഖില ധീരരക്​തസാക്ഷിത്വമാണ്​ വരിച്ചിരിക്കുന്നതെന്ന്​ ഫലസ്​തീന്‍ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസ്​ പറഞ്ഞു. റാമല്ലയിലെ ഫലസ്​തീന്‍ അതോറിറ്റി ആസ്ഥാനത്ത്​ നിരവധി പേരാണ​ ഷീറിന്​ യാത്രാമൊഴി നേരാനെത്തിയത്​. വൈകീട്ട്​ ജറൂസലമിലെ കുടുംബ വീട്ടില്‍ അനുശോചനം നേരാനെത്തിയവര്‍ക്കു നേരെയും ഇസ്രായേല്‍ സൈന്യം അതിക്രമം നടത്തിയത്​ വ്യാപക പ്രതിഷേധത്തിനിടയാക്കി.

ഇസ്രായേല്‍ സൈന്യം വെറും 150 മീറ്റര്‍ അകലെ വെച്ചാണ്​ ഷീറിനു നേരെ വെടിയുതിര്‍ത്തതെന്ന്​ തെളിഞ്ഞിട്ടുണ്ട്​​. ബുധനാഴ്​ച കാലത്ത്​ ജെനിന്‍ പ്രദേശത്ത്​ നിരവധി തവണ സൈന്യം വെടിയുതിര്‍ത്തതായി സമ്മതിച്ച ഇസ്രായേല്‍ പക്ഷെ, കൊലയുടെ ഉത്തരവാദിത്തം ഇനിയും ഏറ്റെടുത്തിട്ടില്ല. അല്‍ജസീറ മാധ്യമ സംഘത്തെ ലക്ഷ്യമിട്ട്​ തികച്ചും ആസൂത്രിത​ വെടിവെപ്പാണുണ്ടായതെന്ന തെളിവുകള്‍ പുറത്തു വന്നതോടെ ഇസ്രായേല്‍ ശരിക്കും പ്രതിക്കൂട്ടിലായി​. സ്വന്തം നിലക്കുള്ള അന്വേഷണം ആരംഭിച്ചതായും മറ്റു സാധ്യതകള്‍ കൂടി വിലയിരുത്തുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം സംയുക്​ത അന്വേഷണം ആകാമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാഗ്​ദാനം ഫലസ്​തീന്‍ അതോറിറ്റി തള്ളി.

റമദാനില്‍ വെസ്​റ്റ്​ ബാങ്ക്​ ഉള്‍പ്പെടെ കിഴക്കന്‍ ജറൂസലമില്‍ ഇസ്രായേല്‍ ആരംഭിച്ച പുതിയ അക്രമങ്ങളുടെയും പ്രകോപന നടപടികളുടെയും തുടര്‍ച്ചയാണ്​ ഷീറി​ന്‍റെ കൊലയെന്ന്​ ഫലസ്​തീന്‍ സംഘടനകള്‍ കുറ്റപ്പെടുത്തി. കിഴക്കന്‍ ജറൂസലമില്‍ നിന്ന്​ ഫലസ്​തീനികളെ പുറന്തളളാനുള്ള ഇസ്രായേല്‍ ക്രൂരത നിരന്തരമായി ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തക കൂടിയാണ് ​ഷീറിന്‍ അബൂ ആഖില.