മുംബൈ: എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി വിൻസൻ കാംബലിനെ നിയമിച്ചു .നിലവിൽ സിങ്കപ്പൂ‍ർ എയ‍ർലൈൻസിന്‍റെ ഭാഗമായ സ്കൂട്ട് എയറിന്‍റെ സിഇഒയാണ് കാംബൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എയർ ഇന്ത്യയിൽ ചേരും. ന്യൂസീലൻണ്ട് സ്വദേശിയായ അദ്ദേഹത്തിന് വ്യോമയാന മേഖലയിൽ 26 വ‌ർഷത്തെ പ്രവർത്തി പരിചയമുണ്ട്.  ടർക്കിഷ് എയർലൈൻ ചെയർമാൻ ആയിരുന്ന ഇൽക്കർ ഐസിയെ എംഡിയായി നിയമിക്കാൻ നേരത്തെ എയർ ഇന്ത്യാ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പിൻമാറുകയായിരുന്നു.

കാംബൽ വിൽസണ്‍

1996-ൽ സിംഗപ്പൂർ എയർലൈൻസിൻ്റെ ഓക്ക് ലൻഡ് ഓഫീസിൽ ചേർന്ന കാംബൽ 2006-ൽ കാനഡയിലെ എയർലൈൻസ് ഓപ്പറേഷന്റെ വൈസ് പ്രസിഡന്റായി നിയമിതനായി. 2 വർഷത്തിനുശേഷം, ഹോങ്കോങ്ങിന്റെയും പിന്നീട് 2010-ൽ ജപ്പാൻ്റേയും ചുമതലയുള്ള  ജനറൽ മാനേജരായി പ്രവ‍ര്‍ത്തിച്ചു. 2016 ജൂണിൽ കാംബെൽ സ്കൂട്ട് വിട്ടു. തുടര്‍ന്ന് സിംഗപ്പൂർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡൻ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

എയർ ഇന്ത്യയിലേക്ക് കാംബെലിനെ സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്.  ആഗോള വ്യോമയാന  മേഖലയിൽ ദീ‍ര്‍ഘകാലത്തെ പ്രവ‍ര്‍ത്തന പരിചയമുള്ള വ്യവസായ വിദഗ്ധനാണ് അദ്ദേഹം. കൂടാതെ, ഏഷ്യയിൽ ഒരു എയർലൈൻ ബ്രാൻഡ് (സ്കൂട്ട്) വള‍ർത്തിയെടുത്തതിൻ്റെ ചരിത്രവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻ്റെ അറിവും പ്രവര്‍ത്തന പരിചയവും എയർ ഇന്ത്യയ്ക്ക് പ്രയോജനപ്പെടും. എയര്‍ ഇന്ത്യയെ ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറ്റിയെടുക്കാനുള്ള ദൗത്യത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു,” കാംബൽ വിൽസണെ എയർ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ടാറ്റാ ഗ്രൂപ്പ് ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.