മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്‍ത പുഴു പ്രദര്‍ശനം ആരംഭിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം സോണി ലിവിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചു. 1 മണിക്കൂര്‍ 55 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സോണി ലിവില്‍ ചിത്രം കാണാനാവും.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നചിത്രമാണ് ഇത്. ഒരു സംവിധായികയ്ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിക്കുന്നുവെന്നതും പ്രത്യേകതയാണ്. ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. കട്ടുകളൊന്നുമില്ലാതെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.