സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യത. സാധാരണ ജൂൺ ഒന്നിന് തുടങ്ങാറുള്ള കാലവർഷംഇത്തവണ ഏഴ് ദിവസം നേരത്തെ തുടങ്ങാനാണ് സാധ്യത.

ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ.  അസാനി ചുഴലിക്കാറ്റിൻ്റെ വിടവാങ്ങലോടെ കാറ്റ് സജീവമാകുന്നതിനാലാണ് കാലവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നത്.

അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും.  ഇടുക്കിയിലും കാസർകോടും ഇന്ന് യെല്ലോ അലർട്ടായിരുന്നു. മലങ്കര ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ വടക്കൻ ജില്ലകളിൽ മഴ ശക്തമായേക്കും.ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.  വിശാഖപട്ടണം, വിജയവാഡ വിമനാത്താവളങ്ങളില്‍ നിന്ന് സര്‍വ്വീസുകള്‍ ഭാഗിമായി പുനരാരംഭിച്ചു. ആന്ധ്ര – ഭുവനേശ്വര്‍ റൂട്ടിലുള്ള ചില ട്രെയിനുകള്‍ വൈകിയോടുകയാണ്.

ശക്തമായ മഴയില്‍ ആന്ധ്രയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ആന്ധ്രയില്‍ ഏഴ് ജില്ലകളിലായി നൂറ് കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വീടിന് തകരാര്‍ സംഭവിച്ചവര്‍ക്ക് രണ്ടായിരം രൂപയും മറ്റുള്ളവര്‍ക്ക് ആയിരം രൂപയും ആദ്യഘട്ടമായി ആന്ധ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.