ദോഹ തുറമുഖത്തിനും ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും ഇടയ്‌ക്കായി കടല്‍ത്തീരത്ത് നിര്‍മ്മിച്ചിരിക്കുന്ന സ്റ്റേഡിയം 974 എന്ന ഫുട്ബോള്‍ മൈതാനം ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്. ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണമായും പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനസ്ഥാപിക്കാവുന്ന ഒരു ഫുട്ബോള്‍ സ്റ്റേഡിയം ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിനായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

പുനരുപയോഗിക്കാവുന്ന ഷിപ്പിംഗ് കണ്ടെയ്നറുകളും സ്റ്റീലും മോഡുലാര്‍ ബ്ലോക്കുകളും പരമാവധി ഉപയോഗപ്പെടുത്തി അന്താരാഷ്‌ട്ര ഗുണനിലവാരം ഉറപ്പുവരുത്തി വളരെ ചെലവു കുറച്ചാണ് ഈ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. 974 കണ്ടെയ്നറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതിനാലാണ് ഈ സ്റ്റേഡിയത്തിന് സ്റ്റേഡിയം 974 എന്ന പേര് നല്കിയത്.

40,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം 974ല്‍ രണ്ടാം റൗണ്ടിലെ ഒരു മത്സരം ഉള്‍പ്പെടെ ആകെ ഏഴു കളികളാണ് നടക്കുക. ഫിഫ 2022ലെ കളിയാരവങ്ങള്‍ കഴിയുമ്പോള്‍ സ്റ്റേഡിയം 974 ലോകത്തിന്റെ മറ്റേതെങ്കിലും കോണില്‍ മറ്റൊരു ടൂര്‍ണമെന്റിന് വേദിയാകുമെന്ന് പ്രതീക്ഷിക്കാം.