പുരസ്‌കാരം സമ്മാനിക്കാൻ വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയ പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമസ്ത സെക്രട്ടറിക്കും പെരിന്തൽമണ്ണ പോലീസിനോടും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

സമസ്ത നേതാവ് പെൺകുട്ടിയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോ സംഭവം വലിയ വിവാദമായിരുന്നു. ഇതോടെ സമസ്തയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആരോഗ്യമന്ത്രി വീണാ ജോർജ്ജും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സംഭവത്തിൽ വിമർശനമുന്നയിച്ചിരുന്നു.

വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോഴാണ് വിവാദമായ സംഭവമുണ്ടായത്. സമസ്തയുടെ പൊതുവേദിയിലേക്ക് ഇനി മേലാൽ പെൺകുട്ടികളെ ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സമസ്ത നേതാവായ എം.ടി അബ്ദുള്ള മുസ്ലിയാർ സംഘാടകരെ ശാസിച്ചത്. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.

”ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാൻ പറയ്”- എന്നായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ ആക്രോശം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി.