ആഭ്യന്തര കലാപം മൂലം സംഘർഷം രൂക്ഷമായിട്ടും ശ്രീലങ്കയിലെ പര്യടനങ്ങളുമായി മുന്നോട്ട് പോകാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെ തുടർന്നുണ്ടായ അശാന്തിയെത്തുടർന്ന് ശ്രീലങ്കയിലേക്ക് പോകേണ്ടതിന്റെ ആവശ്യകത പുനഃപരിശോധിക്കാൻ ഓസ്ട്രേലിയൻ സർക്കാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

മൂന്ന് ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ജൂൺ, ജൂലൈ മാസങ്ങളിൽ ശ്രീലങ്കയിലേക്ക് പോകും. അതേസമയം ശ്രീലങ്കയിൽ ഓസ്ട്രേലിയ എ പര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. കായിക സംഘടനയും ഫെഡറൽ ഗവൺമെന്റും ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതരും രാജ്യത്തെ സംഭവവികാസങ്ങളിൽ ”സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന്” ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് പറഞ്ഞു.

കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും വിവരമറിയിച്ചിട്ടുണ്ടെന്നും സ്‌ക്വാഡ് പുറപ്പെടുന്ന തീയതി വരെ മൂന്നാഴ്ച ബാക്കിനിൽക്കെ, ”ഷെഡ്യൂളിൽ മാറ്റങ്ങളൊന്നുമില്ല” എന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ രാജ്യത്തെ സുസ്ഥിരമാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങൾ എന്ന നിലയിൽ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും എക്സിക്യൂട്ടീവ് പ്രസിഡന്റ് സമ്പ്രദായം നിർത്തലാക്കുമെന്നും ശ്രീലങ്കൻ പ്രസിഡന്റ് ബുധനാഴ്ച വാഗ്ദാനം ചെയ്തു.

തിങ്കളാഴ്ച രാജിവച്ച തന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെയെ പിന്തുണക്കാൻ എത്തിയ ജനക്കൂട്ടം സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായി പ്രസിഡന്റ് ഗോതബയ രാജപക്സെ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.