ചൈനയ്‌ക്ക് പിന്നാലെ ഉത്തരകൊറിയയും ഒമിക്രോൺ വ്യാപന ഭീതിയിൽ. ഇതാദ്യമായിട്ടാണ് ഉത്തരകൊറിയ ഔദ്യോഗികമായി ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്. പിന്നാലെ രാജ്യവ്യാപക ലോക്ഡൗണും ഏർപ്പെടുത്തി. കൊറിയയിലെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ചുരുങ്ങിയ വാക്കുകളിൽ ഇക്കാര്യം പുറത്തുവിട്ടത്.

തലസ്ഥാനമായ പ്യോംഗ്യാങിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ എത്ര പേർക്ക് രോഗം വ്യാപിച്ചുവെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. മെയ് എട്ടിന് ശേഖരിച്ച സാമ്പിളുകളിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

നേരത്തെ പല രാജ്യങ്ങളും കൊറോണ പ്രതിരോധ വാക്‌സിൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ഉത്തരകൊറിയ. അതിർത്തികൾ അടച്ചും മറ്റ് നിയന്ത്രണ നടപടികൾ കൈക്കൊണ്ടും കൊറോണയെ ചെറുക്കുമെന്ന നിലപാടിലായിരുന്നു ഭരണാധികാരിയായ കിം ജോങ് ഉൻ.

ലോകം മുഴുവൻ രോഗബാധയുണ്ടായ ആദ്യ ഘട്ടത്തിലും എത്രപേർക്ക് രോഗം ബാധിച്ചുവെന്നോ ഇവരുടെ ആരോഗ്യാവസ്ഥയോ രാജ്യം പുറത്തുവിട്ടിരുന്നില്ല. വാക്‌സിനെടുക്കാത്തതുകൊണ്ടു തന്നെ രാജ്യത്തെ 25 മില്യൻ ജനങ്ങൾക്കും രോഗബാധ എളുപ്പത്തിൽ പകരാവുന്ന സ്ഥിതിയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ദുർബ്ബലമായ ആരോഗ്യ സംവിധാനങ്ങൾ സ്ഥിതി ഗുരുതരമാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എല്ലാ നഗരങ്ങളിലും കൗണ്ടികളിലും കർശന ലോക്ഡൗൺ നടപ്പാക്കാനാണ് കിം ജോങ് ഉന്നിന്റെ നിർദ്ദേശമെന്ന് കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തിൽ മാസ്‌ക് ധരിച്ച് പങ്കെടുത്ത കിം ജോങ് ഉന്നിന്റെ ചിത്രവും പുറത്തുവന്നിരുന്നു. കൊറോണ വ്യാപനത്തിന് ശേഷം ഒരിക്കൽ പോലും കിം ജോങ് ഉൻ മാസ്‌ക് ധരിച്ച് മാദ്ധ്യമങ്ങൾക്ക് മുൻപിൽ വന്നിട്ടില്ല.

കൊറോണയുടെ ആദ്യ ഘട്ടമായ 2020 ജനുവരിയിൽ തന്നെ രാജ്യത്തിന്റെ അതിർത്തികൾ ഉത്തരകൊറിയ അടച്ചിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന അവശ്യസാധനങ്ങൾക്ക് പോലും വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.