ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ പ്രതിഷേധങ്ങള്‍ക്കാണ് ശ്രീലങ്ക ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

സര്‍ക്കാരിന് എതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിന് ശേഷമായിരുന്നു ശ്രീലങ്കയില്‍ ശക്തമായ പ്രതിഷേധം തുടങ്ങിയത്.

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് രണ്ട് മണി മുതല്‍ വീണ്ടും പുനരാരംഭിക്കും. ക്രമസമാധാനത്തിന്റെ ഭാഗമായി ആയിരുന്നു രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഇന്ന് രാവിലെ 7 മണിക്ക് അധികാരികള്‍ നിശ്ചയിച്ച കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെ നൂറുകണക്കിന് ആളുകള്‍ ഇളവ് ലഭിച്ചതോടെ പുറത്തേക്ക് ഇറങ്ങി. ശ്രീലങ്കയിലെ പ്രധാന ബസ് സ്റ്റേഷനുകളില്‍ അടക്കം വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.

കലാപകാരികള്‍ നടത്തിയ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ 9 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്ക് പറ്റിയതായി പൊലീസ് വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരി, വര്‍ധിച്ചു വരുന്ന എണ്ണവില എന്നിവ രാജ്യത്തിന്റെ സാരമായി ബാധിച്ചിരുന്നു. 1948 – ലെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്ബത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.

അതേസമയം, കടുത്ത സാമ്ബത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചതോടെയാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ കലാപം നടത്തി തെരിവുകളില്‍ ഇറങ്ങിയത്. ഇതിന് ശേഷം, ശ്രീലങ്ക യുദ്ധക്കളമായി മാറുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ പ്രതിഷേധക്കാരുടെ ആക്രമണങ്ങള്‍ നടന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വീടിന് നേരെ പ്രതിഷേധക്കാര്‍ തീയിട്ടു.

രാജപക്‌സെയുടെ കുരുനഗലയിലെ വസതിയും എം പി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വസതിയും എം പി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ തീയിട്ട് നാശമാക്കി. മുന്‍ മന്ത്രിമാരുടെയും എം പി മാരുടെയും ഉള്‍പ്പെടെ അന്‍പതോളം വീടുകളാണ് ജനം തീയിട്ട് നശിപ്പിച്ചത്. ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിനെതിരെ പൊതു ജനങ്ങള്‍ പ്രതിഷേധിച്ച്‌ രംഗത്ത് വന്നത്.

3 ദിവസങ്ങള്‍ക്ക് മുമ്ബ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചിരുന്നു. രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്ത കാരണത്താല്‍ ആയിരുന്നു രാജി. പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യ, തൊഴില്‍ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഫ്യൂ അടക്കം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഈ നിയന്ത്രണങ്ങള്‍ പോലും വകവെയക്കാതെയാണ് കലാപകാരികള്‍ പ്രതിഷേധം നടത്തുകയാണ് ചെയ്തത്.

എന്നാല്‍, ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യ വ്യാപകമായി നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. സാമ്ബത്തിക പ്രതിസന്ധിയെച്ചൊല്ലി ശ്രീലങ്കയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഗോതബയ രാജപക്‌സെയുടെ പ്രഖ്യാപനം. പുതിയ മന്ത്രി സഭയെ ഉടന്‍ തീരുമാനിക്കുമെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാര്‍ലമെന്‍റില്‍ മികച്ച ഭൂരിപക്ഷം നേടാനും രാജ്യത്തിലെ ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിയുന്ന സര്‍ക്കാരിനെയാകും രൂപീകരിക്കുമെന്നും യുവ മന്ത്രിസഭ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വലിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കലാപകാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നിരുന്നു. സംഘര്‍ഷത്തില്‍ പൊതു മുതല്‍ നശിപ്പിക്കുകയോ മറ്റുള്ളവരെ ദ്രോഹിക്കുകയോ ചെയ്താല്‍ അത്തരക്കാരെ വെടിവെച്ച്‌ കൊല്ലുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.

ശ്രീലങ്കയിലെ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിന്മാരുടെയും വീടുകള്‍ പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ച നടപടിയ്ക്ക് എതിരെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തു വന്നത്. ‘പൊതു മുതല്‍ കൊള്ളയടിക്കുകയോ സ്വത്ത് നശിപ്പിക്കുകയോ ആളുകളെ ദ്രോഹിക്കുകയോ ചെയുന്നവരെ കണ്ടാല്‍ വെടിവയ്ക്കാന്‍ സുരക്ഷാ സൈന്യത്തിന് അനുമതി നല്‍കി’ – വാര്‍ത്താ ഏജന്‍സിയായ എ എഫ്‌ പി റിപ്പോര്‍ട്ട് ചെയ്തു.