ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള (Gold) പ്രിയം പ്രശസ്തമാണ്. സ്വര്‍ണം എന്ന് കേട്ടാല്‍ സ്ത്രീകളുടെ പ്രിയപ്പെട്ട ആഭരണം എന്നാണ് പൊതുവില്‍ പറയപ്പെടാറ്. എന്നാല്‍ ലിംഗ വ്യത്യാസമില്ലാതെ പലരുടേയും ഇഷ്ട ആഭരണമാണ് സ്വര്‍ണം. കോവിഡിനെ തുടര്‍ന്ന് ലോകം മുഴുവന്‍ മാസ്ക് നിര്‍ബന്ധമാക്കിയപ്പോള്‍, സ്വര്‍ണവും വജ്രവും പതിച്ച മാസ്കുകള്‍ വരെ ഇന്ത്യയില്‍ ഇറങ്ങിയിരുന്നു. പൊതുവില്‍ ആളുകള്‍ വിവാഹത്തിനോ മറ്റ് ചടങ്ങുകള്‍ക്കോ ആണ് വലിയ സ്വര്‍ണമാലകളും ആഭരണങ്ങളും ധരിക്കാറ്. അതല്ലാതെ, ഗമയ്ക്ക് വേണ്ടിയും സ്വര്‍ണം ധരിച്ച്‌ പുറത്തിറങ്ങുന്നവര്‍ കുറവല്ല. ‌
പക്ഷേ, ദേഷ്യം മാറി ശാന്തനായിരിക്കാന്‍ സ്വര്‍ണം ധരിച്ച്‌ പുറത്തിറങ്ങുന്നവരെ കണ്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട് ആന്ധ്രപ്രദേശില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള സീതമ്മധരയിലെ ഭൂമി കച്ചവടക്കാരനായ മുക്ക ശ്രീനിവാസിനെ കുറിച്ചാണ് പറ‍ഞ്ഞു വരുന്നത്.

സ്വര്‍ണാഭരണം ധരിക്കാതെ ശ്രീനിവാസ് വീടിന് പുറത്തിറങ്ങില്ല. അതും അഞ്ച് കിലോ സ്വര്‍ണമാണ് കഴുത്തിലും കയ്യിലുമൊക്കെയായി ഇദ്ദേഹം ധരിക്കുന്നത്. സര്‍വാഭരണവിഭൂഷിതനായി നടക്കുന്ന ശ്രീനിവാസനെ കണ്ട് കൗതുകം തോന്നി ആരെങ്കിലും സെല്‍ഫി എടുക്കാന്‍ ചെന്നാല്‍ അവരേയും അദ്ദേഹം നിരാശപ്പെടുത്താറില്ല. ആഭരണം ധരിച്ച്‌ സെല്‍ഫിയെടുക്കാന്‍ നില്‍ക്കുന്ന ശ്രീനിവാസന്‍ ഗ്രാമത്തിലെ പതിവ് കാഴ്ച്ചയാണ്.

സ്വര്‍ണത്തോട് ശ്രീനിവാസന് പ്രത്യേക ഭ്രമമുണ്ടെന്ന് നാട്ടുകാരും പറയുന്നു. എന്നാല്‍, വെറും ഭ്രമത്തിന്റെ പേരിലിലല്ല താന്‍ സ്വര്‍ണം ധരിക്കുന്നതെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. മരിച്ചുപോയ തന്റെ അമ്മയുമായി ബന്ധപ്പെട്ടതാണ് അതെന്നും അദ്ദേഹം പറയുന്നു. ആ കഥ ഇങ്ങനെ, കുട്ടിക്കാലത്ത് വലിയ ദേഷ്യക്കാരനായിരുന്നു ശ്രീനിവാസന്‍. നിസ്സാര കാര്യത്തിനു പോലും കുഞ്ഞുനാളില്‍ കോപിക്കുമായിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു. മകന്റെ ദേഷ്യം നിയന്ത്രിക്കാന്‍ അമ്മ പറഞ്ഞുകൊടുത്ത വഴിയാണത്രേ സ്വര്‍ണാഭരണം ധരിക്കുക എന്നത്. രണ്ട‌് മോതിരവും ഒരു മാലയും ധരിച്ചാല്‍ കോപം നിയന്ത്രിക്കാന്‍ കഴിയുമെന്ന അമ്മയുടെ ഉപദേശം ഫലിച്ചെന്നും ശ്രീനിവാസ് പറയുന്നു.

ശ്രീനിവാസന്‍ വലുതായതോടെ ധരിച്ചിരുന്ന ആഭരണങ്ങളുടെ എണ്ണവും ഭാരവും കൂടിയെന്നു മാത്രം. വിശാഖപട്ടണത്തെ ‘സ്വര്‍ണ മനുഷ്യന്‍‌’ എന്നാണ് ശ്രീനിവാസന്‍ അറിയപ്പെടുന്നത്.