റഷ്യയുടെ യുക്രെയിന്‍ അധിനിവേശം ലോക രാഷ്ട്രീയത്തില്‍ ഇതുവരെ നിലനിന്നുപോന്ന സമവാക്യങ്ങളെ മാറ്റി മറിക്കുമെന്ന ഘട്ടമെത്തിയിരിക്കുന്നു.

ശീതയുദ്ധകാലത്തു പോലും നിഷ്പക്ഷത പാലിച്ചു പോന്ന സ്വീഡനും ഫിന്‍ലാന്‍ഡും പാശ്ചാത്യചേരിയുമായി കൂടുതല്‍ അടുക്കുകയാണ് അടുത്തിടെ നാറ്റോ സഖ്യത്തില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചതിന് പുടിനില്‍ നിന്നും ഭീഷണൈ നേരിടേണ്ടിവന്ന ഇരു രജ്യങ്ങളും ഇപ്പോള്‍ ബ്രിട്ടനുമായി പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ കരാര്‍ അനുസരിച്ച്‌ പുടിന്‍ ഈ രാജ്യങ്ങളെ ആക്രമിക്കുകയാണെങ്കില്‍, പ്രതിരോധത്തിനായി ബ്രിട്ടീഷ് പട്ടാളം ഇറങ്ങും.

കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പരസ്പരം സഹായത്തിനെത്തും എന്നതാണ് ഈ പുതിയ കരാര്‍. ഇതനുസരിച്ച്‌ ഫിന്‍ലാന്‍ഡ് ആക്രമിക്കപ്പെട്ടാല്‍ ബ്രിട്ടീഷ് സൈന്യത്തെ അവിടേക്ക് അയയ്ക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അയയ്ക്കും എന്നായിരുന്നു ബോറിസ് ജോണ്‍സന്റെ മറുപടി. അതു തന്നെയായിരിക്കും സ്വീഡന്റെ കാര്യത്തിലും. ബ്രിട്ടനുമായുള്ള കരാര്‍ മൂലം തന്റെ രാജ്യം കൂടുതല്‍ സുരക്ഷിതമായിരിക്കുന്നു എന്നാന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലന ആന്‍ഡേഴ്സണ്‍ പറഞ്ഞത്. ഇതു തന്നെയായിരുന്നു ഫിന്നിഷ് പ്രസിഡണ്ട് പങ്കുവച്ച വികാരവും.

പതിറ്റാണ്ടുകളായി നിഷ്പക്ഷത പാലിച്ചുപോന്ന ഇരു രാജ്യങ്ങളും റഷ്യയുടേ യുക്രെയിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാറ്റോയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.പാശ്ചാത്യ ചേരിയില്‍ ചേര്‍ന്നാല്‍ രാഷ്ട്രീയവും സൈനികവുമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് റഷ്യ ഇരു രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതുവരെ നാറ്റോ സഖ്യത്തില്‍ ചേരുന്ന കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ല എന്ന് പറഞ്ഞ സ്വീഡിഷ് പ്രധാനമന്ത്രി, തന്റെനടപടിയിലൂടെ പാശ്ചാത്യ ചേരിയില്‍ വിള്ളലുണ്ടാക്കാം എന്ന് കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും പറഞ്ഞു. പാശ്ചാത്യ ശക്തികളെ കൂടുതല്‍ യോജിപ്പിക്കുവാനേ പുടിന്റെ നടപടി ഉപകരിച്ചുള്ളു എന്നും അവര്‍ പറഞ്ഞു.

നാസികളെ തോല്‍പിച്ചതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 21-ാം നൂറ്റണ്ടിലെ ഒരു സ്വേച്ഛാധിപതിയുടെ പൊള്ളയായ ഗര്‍വ്വിനു മുന്‍പില്‍, തങ്ങളുടെ പ്രതിരോധം എങ്ങനെ ശക്തിപ്പെടുത്താം എന്ന് ചിന്തിക്കേണ്ടി വന്നത് തീര്‍ത്തും ഒരു വിരോധാഭാസമാണെന്നായിരുന്നു കരാറില്‍ ഒപ്പുവെച്ച ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

റഷ്യയുമായി 1200 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലാന്‍ഡ്, നേരത്തേ റഷ്യയുമായി ഒരു യുദ്ധമുണ്ടായെങ്കില്‍ കൂടി നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍, പുടിന്‍ യുക്രെയിന്‍ ആക്രമിച്ചതും നാറ്റോയില്‍ ചേരുന്നതിനെതിരെ നല്‍കിയ മുന്നറിയിപ്പും അവരുടെ മനസ്സ് മാറ്റുകയായിരുന്നു. റഷ്യ അയല്‍ രാജ്യങ്ങളെയെല്ലാം ഏതു നിമിഷവും ആക്രമിക്കുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഫിന്നിഷ് പ്രസിഡണ്ട് പറഞ്ഞു.

പുതിയ കരാര്‍ അനുസരിച്ച്‌ ബ്രിട്ടന്‍ ആക്രമിക്കപ്പെട്ടാലോ അല്ലെങ്കില്‍ എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിക്കുമ്ബോഴോ, ഈ രണ്ട് രാജ്യങ്ങളും സഹായത്തിനെത്തും. പ്രതിരോധ – സുരക്ഷാ മേഖലകളില്‍ ഈ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ആയുധങ്ങള്‍, സൈനിക പരിശീലനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സഹകരണം ഉണ്ടാകും. ഈ മാസം ആദ്യം അമേരിക്കയുടെയും ബാള്‍ട്ടിക് രാജ്യങ്ങളുടേയും സൈന്യത്തോടൊപ്പമുള്ള വാര്‍ഷിക പരിശീലന പ്രകടനത്തില്‍ ഫിന്‍ലാന്‍ഡില്‍ ബ്രിട്ടീഷ് ചലഞ്ചര്‍ 2 ടാങ്കുകളും പങ്കെടുത്തിരുന്നു.

സ്വീഡനില്‍ രൂപകല്‍പന ചെയ്ത് ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന ടാങ്ക് വേധ ആയുധങ്ങളുടെ കാര്യക്ഷമത ഇന്ന് യുക്രെയിന്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്ന റഷ്യന്‍ ടാങ്ക് അവശിഷ്ടങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതിനിടയില്‍, റഷ്യന്‍-യുക്രെയിന്‍ യുദ്ധം വര്‍ഷങ്ങളോളം നീണ്ടു നിന്നേക്കാമെന്നും യുക്രെയിനുള്ള ബ്രിട്ടീഷ് പിന്തുണ ദുര്‍ബലപ്പെടുകയില്ലെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ലിയൊ ഡോഷെര്‍റ്റി പറഞ്ഞു.