തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമന്‍ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.

കറ കളഞ്ഞ കോണ്‍ഗ്രസുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന തോമസ് മാഷ് ഇന്നാദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ടഭ്യര്‍ഥിക്കും. പ്രിയപ്പെട്ട പി.ടി തോമസിന്റെ പ്രിയതമ ഉമാ തോമസ് ഏറെ പ്രിയപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ അപ്പുറത്ത് മത്സര രംഗത്തുണ്ട്. പുത്രീ നിര്‍വിശേഷമായ സ്‌നേഹമാണ് ഉമയോടെങ്കിലും പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കെ.വി തോമസിനെ എത്തിച്ചത്.

തന്നെ പുറത്താക്കാന്‍ തിടുക്കപ്പെടുന്നവര്‍ക്കൊപ്പം കടിച്ചു തൂങ്ങുന്നതിനേക്കാള്‍ നാടിന്റെ വികസനത്തിനായി നിലപാടുകളാവാമെന്ന് കെ.വി തോമസ് കരുതുന്നു. പല കുറി എം.പിയും എം.എല്‍എയും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആയിരുന്നു കെ.വി തോമസ്. സോണിയ ഗാന്ധി തൊട്ട് കരുണകാകരന്‍ വരെ കെ.വി തോമസിന്റെ രാഷ്ട്രീയ പാഠങ്ങളാണ്. ജോ ജോസഫിനെ ജയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് തോമസ് മാഷിന്റെ സിലബസ് ആവശ്യമുണ്ട് തൃക്കാക്കരയില്‍.

വികസന രാഷ്ട്രീയം മുതല്‍ സമുദായ സമവാക്യങ്ങള്‍ വരെയുണ്ട് തോമസ് മാഷിന് പറയാനും പഠിപ്പിക്കാനും. ജോ ജോസഫ് ജയിച്ചില്ലെങ്കില്‍ അത് കെ.വി തോമസിനുള്ള ഗുണപാഠമാകും. മറിച്ചാണെങ്കില്‍ 100 മാര്‍ക്കാണ് ഈ പരീക്ഷയില്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ ഒപ്പമിരുത്തിയ കെ.വി തോമസിനെ ചെങ്കൊടിക്കീഴില്‍ പ്രചരണത്തിനെത്തിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി തൃക്കാക്കര ഇന്ന് കാതോര്‍ക്കുന്നുണ്ട്.