ടെക്‌നോളജിയും സാങ്കേതിക വിദ്യയും വളരെയധികം വളർച്ച പ്രാപിച്ചൊരു കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഓരോ ദിവസവും നമ്മൾ കേൾക്കുന്ന വാർത്തകളും അങ്ങനെ തന്നെയാണ്. ഒരിക്കൽ പോലും സാധ്യമാകില്ലെന്ന് ഒരു കാലത്ത് നമ്മൾ വിശ്വസിച്ച പല കാര്യങ്ങളും ഇന്ന് നമ്മൾ കൈപ്പിടിയിലൊതുക്കി കഴിഞ്ഞു. ബഹിരാകാശ വാർത്തകൾ എല്ലാം ഇന്ന് നമുക്ക് ദൈന്യദിന വാർത്തകളിൽ ഒന്നായി മാറിക്കഴിഞ്ഞു. അങ്ങനെയൊരു വാർത്തയാണ് ഇന്ന് സമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ ഹോട്ടൽ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.

2025 ൽ പണി തുടങ്ങുമെന്നാണ് കരുതുന്നത്. അതായത് ബഹിരാകാശ ഹോട്ടലിനായി ഇനി നമ്മൾ കുറച്ച് വർഷം കൂടി കാത്തിരുന്നാൽ മതി. ഈ ഹോട്ടലിന് 400 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഭൂമിയ്ക്ക് പുറത്തുള്ള ആദ്യത്തെ ഹോട്ടലിന് വോയേജര്‍ ക്ലാസ് സ്‌പേസ് സ്റ്റേഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇനി ആളുകൾക്ക് അറിയേണ്ടത് ഇതിനകത്ത് എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നാണ്. എന്തുതന്നെയാണെങ്കിലും സൗകര്യങ്ങൾ ഒട്ടും കുറയില്ലെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ബാറുകള്‍, ഭക്ഷണശാലകള്‍, സിനിമ ഹാളുകള്‍, ജിംനേഷ്യം തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്.

ലോഹം കൊണ്ട് വൃത്താകൃതിയിലാണ് ഹോട്ടൽ നിർമ്മിക്കുന്നത്. സഞ്ചാരികൾക്ക് വേണ്ടി മാത്രമല്ല, ഗവേഷകർക്കും പ്രത്യേക സൗകര്യങ്ങളാണ് ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ ഹോട്ടലിന് പുറത്തേക്ക് സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഭാഗങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശ ഗവേഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്കും ഇത് ഉപയോഗിക്കാം. ഈ ഹോട്ടലിന്റെ 24 ഭാഗങ്ങളാണ് അതിഥികള്‍ക്കായി നീക്കിവെക്കുക. ബാക്കിയുള്ള ഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ വാടകക്കോ സ്വന്തമായോ നല്‍കാനാണ് ഇപ്പോഴത്തെ പദ്ധതി. ഒരു ക്രൂസ് കപ്പലിലേതിന് സമാനമായ സൗകര്യങ്ങളാണ് ഈ ഹോട്ടലിനകത്ത് ഒരുക്കുന്നത്. പ്രത്യേകം തീമുകള്‍ക്കനുസരിച്ചുള്ള റെസ്റ്ററന്റുകളും ഹെല്‍ത്ത് സ്പായും ലൈബ്രറികളും ഇതിനകത്തുണ്ട്.

അമേരിക്കന്‍ കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലി കോര്‍പറേഷനാണ് ഈ ഹോട്ടൽ നിർമിക്കുന്നത്. എത്ര രൂപ ഈ ഹോട്ടൽ നിർമാണത്തിനായി ചെലവാകുമെന്നത് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭൂമിയെ ഓരോ 90 മിനിറ്റിലും ഈ ബഹിരാകാശ ഹോട്ടല്‍ വലം വെക്കും. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഈ ഹോട്ടലിലും സഞ്ചാരികള്‍ക്ക് അനുഭവിക്കാനാവുക. ഇങ്ങനെയൊരു ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന ആദ്യ കമ്പനിയാണ് ഇത്. ഭൂമിയിൽ നിന്ന് സഞ്ചാരികളെ ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനാണ്. ഈ ഹോട്ടലില്‍ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച നീണ്ട പ്രത്യേക പരിശീലനവും നിര്‍ബന്ധമാണ്.