കച്ചി നിര്‍മാര്‍ജനത്തിനുള്ള പദ്ധതിക്കായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിയുടെ പ്രചാരണത്തിനായി ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. കച്ചി കത്തിക്കുന്നത് വായുമലിനീകരണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് കച്ചി സംസ്‌കരണത്തിന് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിരുന്നത്. ഇതിന് 68 ലക്ഷം രൂപയാണ് ചെലവ് വന്നത്. എന്നാല്‍ ഈ പദ്ധതിയെക്കുറിച്ച് പരസ്യം ചെയ്യുന്നതിന് സര്‍ക്കാര്‍ 23 കോടി രൂപ ചെലവാക്കിയെന്നാണ് ന്യൂസ് ലോണ്ട്‌റിയുടെ റിപ്പോര്‍ട്ട്. പദ്ധതിയുടെ ചെലവിന്റെ മൂന്ന് ഇരട്ടിയോളം തുക പരസ്യത്തിനായി സര്‍ക്കാര്‍ ചെലവാക്കിയെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിനെ സാധൂകരിക്കുന്ന വിശദാംശങ്ങളും ന്യൂസ് ലോണ്ട്‌റി പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ കച്ചി സംസ്‌കരിക്കാന്‍ ബയോ ഡീ കംപോസര്‍ വികസിപ്പിച്ചത്. 39 ഗ്രാമങ്ങളിലെ ആയിരത്തോളം കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രചാരണം. 4000 ഏക്കര്‍ കൃഷിഭൂമി പദ്ധതിക്ക് കവര്‍ ചെയ്യാനായെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി അസംബ്ലിയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് പദ്ധതിക്കായി 68 ലക്ഷം രൂപ ചെലവായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ 2020-21 കാലയളവില്‍ പദ്ധതിയെക്കുറിച്ച് പരസ്യം ചെയ്യാനും പി ആര്‍ വര്‍ക്കുകള്‍ക്കുമായി ഏഴ് കോടി സര്‍ക്കാര്‍ ചെലവാക്കിയെന്നും കണക്കുകള്‍ തെളിയിക്കുന്നു. ഇതിന് ശേഷം പദ്ധതിയുടെ നേട്ടങ്ങള്‍ പരസ്യപ്പെടുത്താന്‍ 2021-22 കാലയളവില്‍ 16 കോടിയും ചെലവായെന്നും കണക്കുകള്‍ തെളിയിക്കുന്നു. അതായത് 68 ലക്ഷത്തിന്റെ പദ്ധതിയുടെ പരസ്യത്തിന് 23 കോടി രൂപയാണ് ചെലവായത്.