ജനരോഷം കത്തിക്കയറുന്ന ശ്രീലങ്കയിൽ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും നാവിക താവളത്തിൽ കഴിയുന്നത് തുടരുമെന്ന് പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്‌നെ. സ്ഥിതിഗതികൾ സാധാരണനിലയിൽ മാത്രമായാൽ മാത്രമെ രജപക്‌സെയെ അദ്ദേഹം ആഗ്രഹിക്കുന്നയിടത്തേയ്‌ക്ക് മാറ്റുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി എന്ന നിലയിൽ രജപക്‌സെയ്‌ക്ക് ആജീവനാന്ത സുരക്ഷയ്‌ക്ക് അർഹതയുള്ളതിനാൽ സൈന്യം രജപക്‌സെയ്‌ക്ക് സുരക്ഷ നൽകുന്നത് തുടരുമെന്ന് ഗുണരത്‌നെ വ്യക്തമാക്കി.

ഇന്നലെയാണ് പട്ടാള കാവലിൽ ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി രജപക്‌സെയും കുടുംബവും സ്വവസതി വിട്ട് ശ്രീലങ്കയുടെ തമിഴ് മേഖലയായ ട്രിങ്കോമാലിയിലെ ഒരു നാവിക താവളത്തിൽ അഭയം തേടിയത്.തലസ്ഥാനമായ കൊളംബിയയിൽ നിന്ന് 270 കിലോ മീറ്റർ അകലെയാണ് ഈ കേന്ദ്രം. തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് നൂറു കണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച രാത്രിയോടെ എത്തിയത്.

പെട്രോൾ ബോംബുകളടക്കം പ്രതിഷേധക്കാർ വസതിക്ക് നേരെ എറിഞ്ഞതോടെയാണ് രജപക്‌സെയും കുടുംബത്തേയും ഹെലികോപ്റ്ററിൽ നാവിക താവളത്തിലേക്ക് മാറ്റിയത്.രജപക്‌സെ അഭയം തേടിയ നാവിക താവളത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നുണ്ടെന്നാണ് വിവരം.

സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ ഗുണ്ടാ സംഘങ്ങളെ അഴിച്ചുവിട്ടതിനെ തുടർന്നുണ്ടായ ജനരോഷ ത്തിന്റെ പേരിലാണ് മഹിന്ദയ്‌ക്ക് രാജി വെക്കേണ്ടി വന്നത്. അക്രമത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാസങ്ങളായി രാജ്യത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് പോലീസുകാരേയും സൈന്യത്തെയുമാണ് കർഫ്യുവിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.