മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിപി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കാക്കനാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ഇന്ത്യക്കകത്തും പുറത്തുമായി അരനൂറ്റാണ്ടുകാലം മാധ്യമപ്രവര്‍ത്തനം നടത്തിയ വിപിആര്‍ എന്നറിയപ്പെടുന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ടിങ്, വിദേശ റിപ്പോര്‍ട്ടിങ് അന്വേഷണാത്മക റിപ്പോര്‍ട്ടിങ് എന്നിവയില്‍ തനതായ പാത തുറന്ന വ്യക്തിയാണ്. മാതൃഭൂമി, അസോസിയേറ്റഡ് പ്രസ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിടിഐയുടെ പാകിസ്ഥാന്‍ ലേഖകനായി ലാഹോറിലും റാവല്‍പിണ്ടിയിലും പവര്‍ത്തിച്ചു. ഇക്കാലത്ത് പ്രസിഡന്റ് അയൂബ് ഖാന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത് പാകിസ്ഥാനു പുറത്തേക്ക് റിപ്പോര്‍ട്ട് ചെയ്തത് രാമചന്ദ്രനായിരുന്നു.

ഉഗാണ്ടയിലെ ഏകാധിപതി ഈദി അമീനെ ഇന്റര്‍വ്യൂ ചെയ്ത അപൂര്‍വം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് വിപിആര്‍. കേരളാ പ്രസ് അക്കാദമിയില്‍ ആദ്യം കോഴ്‌സ് ഡയറക്ടറായും പിന്നീട് രണ്ട് ടേം ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.