ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലെന്ന് റിപ്പോർട്ട്. സെറിബ്രൽ അന്യൂറിസം എന്ന രോഗം ബാധിച്ച് കഴിഞ്ഞ വർഷം അവസാനം മുതൽ ചികിത്സയിലാണെന്നാണ് വിവരം. ശസ്ത്രക്രിയയിലൂടെ മാത്രമെ രോഗം ഭേദമാവുകയുള്ളൂ. എന്നാൽ ശസ്ത്രക്രിയ നടത്താൻ ഷി ജിൻ പിംഗ് വിസമ്മതിച്ചുവെന്നും പരമ്പരാഗത ചൈനീസ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സ തുടരുകയുമാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

രക്തക്കുഴലുകൾ ചുരുങ്ങുകയും മയപ്പെടുത്തുകയും ചെയ്യുന്ന ഗുരുതര രോഗമാണ് സെറിബ്രൽ അന്യൂറിസം. പ്രസിഡന്റിന് രോഗമുള്ളതായി ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊറോണ മഹാമാരി രൂക്ഷമായതിനുശേഷം ഷി ജിൻപിങ് അന്താരാഷ്‌ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു.

വിന്റർ ഒളിമ്പിക്സിന്റെ സമയത്ത് ഷി ജിൻ പിംഗ് ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇത്തരം അഭ്യൂഹങ്ങളും അവസാനിച്ചു. 2020ൽ ഷെൻഷെനിൽ നടന്ന ഒരു പൊതു പ്രസംഗത്തിൽ ഷി വളരെ ക്ഷീണിതനായി കാണപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ചുമച്ചുകൊണ്ട് വിറയോടെ സംസാരിക്കുന്ന ഷി ജിൻപിങ് രോഗബാധിതനാണെന്ന് നിരവധി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.