ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് കടന്നുവെന്ന് പ്രചാരണം. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് കടന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കയിൽ നിന്നും നിരവധി സാധാരണക്കാർ അഭയം തേടി ഇന്ത്യയിലേക്ക് എത്തിയിരുന്നു.

ട്വിറ്ററിലൂടെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രചാരണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി എത്തിയത്. ശ്രീലങ്കയിൽ നിന്നും ഒരു നേതാക്കളും ഇന്ത്യയിലേക്ക് എത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു. മഹിന്ദ രജപക്‌സെ രാജിവെച്ചതിന് പിന്നാലെ അദ്ദേഹം എവിടെയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. മഹിന്ദയുടെ വസതി ഉൾപ്പെടെ പ്രതിഷേധക്കാർ കത്തിച്ചിരുന്നു.

മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലേക്ക് കടന്നതായാണ് വിവരം. ഈ സാഹചര്യത്തിൽ ട്രിങ്കോമാലിയിലെ നാവിക താവളത്തിന് ചുറ്റും പ്രതിഷേധക്കാർ ഒത്തുകൂടിയിട്ടുണ്ട്. പ്രസിഡന്റ് ഗൊതബയ രജപക്‌സെ ഉൾപ്പെടെ രാജിവെയ്‌ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 250ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.