ഉപ്പു തൊട്ട് കർപ്പൂരം വരെ എന്തും ഇന്ന് ഓൺലൈനായി വാങ്ങാൻ നമുക്ക് സാധിക്കും. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ലോകത്തിൽ ഓൺലൈൻ ഷോപ്പിങ്ങിനും ഇന്ന് പ്രിയമേറി വരികയാണ്. ഓൺലൈനായി വിൽക്കാൻ വച്ചിരിക്കുന്ന പ്രിംഗിൾസ് ചിപ്‌സാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതിലെന്താണ് ഇത്ര പുതുമ എന്നല്ലേ. കാരണം വെറും ഒരു ചിപ്‌സ് മാത്രമായിട്ടാണ് വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നത്. അതും വില എത്രയാണെന്നല്ലേ. 2000 പൗണ്ട് അഥവാ 19 ലക്ഷം രൂപയാണ് ഒരൊറ്റ ചിപ്‌സിന് വില രേഖപ്പെടുത്തിയിരിക്കുന്നത്.

ഇ ബേയിലാണ് ഈ ഒറ്റ ചിപ്‌സ് വിൽപ്പനയ്‌ക്കായി വച്ചിരിക്കുന്നത്. ചിപ്‌സിന്റെ ആകൃതി അങ്ങേയറ്റം വ്യത്യസ്തമാണെന്നും, അതിനാലാണ് ഇത് മാത്രമായി വിൽപ്പനയ്‌ക്ക് വച്ചതെന്നുമാണ് ഉടമ പറയുന്നത്. ക്രീം ആന്റ് ഒനിയൻ ഫ്‌ളേവറിലുള്ള പ്രിംഗിൾസ് ആണിത്. ഇരു വശവും കൃത്യമായി മടങ്ങിയാണ് ഇരിക്കുന്നത്. ചിപ്‌സിന് യാതൊരു വിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും, സൂക്ഷിച്ച് വച്ചിരിക്കുകയാണെന്നും ഇയാൾ ഉറപ്പ് നൽകുന്നു.

എന്നാൽ ഇത്ര വലിയ തുകയ്‌ക്ക് ചിപ്‌സ് വിൽപ്പനയ്‌ക്ക് വച്ചതിനും ഇയാൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്. കാരണം 1.65 പൗണ്ട് മുടക്കിയാൽ ഒരു പാക്കറ്റ് പ്രിംഗിൾസ് ലഭിക്കുമെന്നും, ഈ ഷെയ്പ്പിലുള്ള പ്രിംഗിൾസ് കിട്ടാൻ ബുദ്ധിമുട്ട് ഇല്ലെന്നുമാണ് പലരും പറയുന്നത്. ആരെങ്കിലും ഇത്ര വലിയ തുകയ്‌ക്ക് ഈ ഒരൊറ്റ ചിപ്‌സ് വാങ്ങുമോ എന്ന കാര്യം അറിയാനാണ് ഇപ്പോൾ പലരും കാത്തിരിക്കുന്നത്.