നവകേരള കർമ്മ പദ്ധതി കോ – ഓർഡിനേറ്റർ ടി.എൻ. സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി നൽകിയതിന് പിന്നാലെ ശമ്പളം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. 1,66,800 രൂപയാണ് പ്രതിമാസ ശമ്പളം. തന്റെ ശമ്പളം നിശ്ചയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.സീമ സർക്കാരിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഉത്തരവിറക്കിയത്.

കഴിഞ്ഞ സെപ്തംബറിലാണ് ടി.എൻ.സീമയെ നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്ററായി നിയമിച്ചത്. ഈ മാസം ആദ്യമാണ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഐ.എ.എസ് ലഭിക്കുന്നയാൾക്ക് കുറഞ്ഞത് 25 വർഷം സർവീസാകുമ്പോഴാണ് പ്രിൻസിപ്പൾ സെക്രട്ടറി സ്ഥാനം ലഭിക്കുന്നത്. അതത് കേഡറിൽ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐ.എ.എസുകാർക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി ലഭിക്കുന്നത്.

ലൈഫ്, ആർദ്രം, ഹരിത കേരളം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായ വിദ്യാകിരണം എന്നിവയെയും കേരള പുനർനിർമാണ പദ്ധതിയേയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണു നവകേരള കർമപദ്ധതി രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം.