കൊളംബോ∙ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രാജപക്സെ രാജിവച്ചത്. ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിക്കുകയും സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് മഹിന്ദ രാജപക്സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രധാനമന്ത്രിക്കു പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചു.

ഇതിനിടെ, ഒരു മാസത്തിനുള്ളിൽ രണ്ടു തവണ രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ചത് വിദേശരാജ്യങ്ങൾ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്കു കാരണമായി. മഹിന്ദയുടെ രാജിയ്ക്കായി പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോട്ടബയ രാജപക്സെയ്ക്കുമേൽ കനത്ത സമ്മർദ്ദം ഉണ്ടായിരുന്നു. മഹിന്ദയുടെ സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരാമുന(എസ്എൽപിപി)യും സമ്മർദ്ദം ചെലുത്തി.

അതിനിടെ, മഹിന്ദ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ നടത്തിയ ആക്രമണത്തിൽ ഇരുപതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ആദ്യം തലസ്ഥാന നഗരമായ കൊളംബോയിലും പിന്നാലെ ശ്രീലങ്ക മുഴുവനും കർഫ്യൂ പ്രഖ്യാപിച്ചു.

ഇടക്കാല സർക്കാർ എന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വാഗ്ദാനം ശ്രീലങ്കയിലെ പ്രതിപക്ഷകക്ഷിയായ സമഗി ജനബലവേഗയ (എസ്ജെബി) തള്ളിയിരുന്നു. എസ്ജെബി നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിക്കാമെന്നായിരുന്നു ഗോട്ടബയയുടെ വാഗ്ദാനം. എന്നാൽ ഗോട്ടബയയെയും മഹിന്ദയെയും തൽസ്ഥാനത്തിരുത്തി സർക്കാരുണ്ടാക്കാൻ താനില്ലെന്നു പ്രേമദാസ വ്യക്തമാക്കുകയായിരുന്നു.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിന് മഹിന്ദ രാജി പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് ഗോട്ടബയ വെള്ളിയാഴ്ച ചേർന്ന പ്രത്യേക യോഗത്തിൽ അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്. മഹിന്ദ രാജിവച്ചതോടെ ഗോട്ടബയ എല്ലാ പാർട്ടിക്കാരെയും പാർലമെന്റിലേക്കു വിളിച്ച് ഇടക്കാല സർക്കാർ രൂപീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഗോട്ടബയ കൂടി രാജിവയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകർ പറയുന്നത്.