ശ്രീലങ്കയില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സര്‍കാര്‍. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്. പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണത്തിന് ശ്രമിക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്തതോടെയാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഉത്തരവിറക്കിയത്.

ശ്രീലങ്കയില്‍  മാന്ദ്യവും തുടര്‍ന്നുണ്ടായ ദുരിതങ്ങളും ഭരണകൂട വിരുദ്ധതയ്ക്ക് കാരണമാകുന്നതിനിടയിലാണ് ജനങ്ങള്‍ തെരുവുകളിലിറങ്ങി പ്രതിഷേധിച്ച്‌ തുടങ്ങിയത്. ഇതോടെ അഞ്ചാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1948ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ രാജ്യം കടന്നുപോകുന്നത്.

225 അംഗ പാര്‍ലമെന്റില്‍ 113 സീറ്റുകള്‍ നേടാനാകുന്ന ഏത് ഗ്രൂപിനും സര്‍കാര്‍ കൈമാറുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്സെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും ക്ഷാമവും വിലക്കയറ്റവും അതിരൂക്ഷമായിത്തന്നെ തുടരുകയാണ്.