ചൊവ്വയുടെ രാത്രിയിലെ ആകാശത്തില്‍ പുളയുന്ന  പോലെ പ്രകാശഘടനകള്‍ കണ്ടെത്തി ചൊവ്വാദൗത്യം. യുഎഇ വിക്ഷേപിച്ച എമിറേറ്റ്സ് മാഴ്സ് മിഷനാണ് കമനീയമായ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സൈന്വസ് ഡിസ്ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസം ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുള്ളതാണ്. ഇത്തരം ദീപ്തികള്‍ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഒറോറ അഥവാ ധ്രുവദീപ്തികള്‍ ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഏത് ധ്രുവമാണ് എന്നതിനനുസരിച്ച്‌ നോര്‍ത്തേണ്‍, സതേണ്‍ ലൈറ്റുകള്‍ എന്നിവയെ വിളിക്കാറുണ്ട്.

സൂര്യനില്‍ നിന്നുള്ള സൗരവാത കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുമ്ബോഴാണ് ഇവയുണ്ടാകുന്നത്. എന്നാല്‍ ചൊവ്വയില്‍ കണ്ടെത്തിയ ധ്രുവദീപ്തികളില്‍ ചിലത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുടനീളമുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചില ദീപ്തികള്‍ ഗ്രഹത്തിലെ ചില പ്രത്യേക മേഖലകള്‍ക്കു മുകളില്‍ മാത്രമാണുണ്ടാകുന്നത്.

ഈ മേഖലകളില്‍ കാന്തിക സ്വഭാവുമുള്ള ധാതുക്കള്‍ കൂടുതലായി നിക്ഷേപിക്കപ്പെട്ടതിനാലാകാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ ദീപ്തികള്‍.

ചൊവ്വാഗ്രഹത്തെ ചുറ്റിനില്‍ക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളില്‍ ഈ ധ്രുവദീപ്തി ദൃശ്യമായത്രേ. സിഗ്സാഗ് രീതിയിലാണ് ഈ പ്രകാശവിതരണം അനുഭവപ്പെട്ടത്

ഇതിന്റെ കൃത്യമായ കാരണം തങ്ങള്‍ക്കു കണ്ടെത്താനായിട്ടില്ലെന്നും വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതിയാണ് ഇതെന്നും എമിറേറ്റ്സ് മാര്‍സ് മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കലിഫോര്‍ണിയ സര്‍വകലാശാലാ ശാസ്ത്രജ്ഞന്‍ റോബ് ലില്ലിസ് പറഞ്ഞു.