വൈറലായ ഒരു വീഡിയോ കണ്ട് ജുറാസിക് പാര്‍ക്ക് യാഥാര്‍ഥ്യമായോ എന്നാണ് പലരും സംശയിക്കുന്നത്. സോഷ്യല്‍ മീഡിയയെ അമ്ബരപ്പിച്ച്‌ കടല്‍ത്തീരത്ത് ദിനോസര്‍ കുഞ്ഞുങ്ങള്‍ ഓടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

നീളമുള്ള കഴുത്തും തടിച്ച ശരീരവുമുള്ള സസ്തനികളെ വീഡിയോയില്‍ കാണാന്‍ സാധിക്കും. സൗറോപോഡുകളുടെ കുഞ്ഞുങ്ങളാണെന്നാണ് ഇവയെ കാണുമ്ബോള്‍ തോന്നുക. 62 ടണ്‍ വരെ ഭാരമുള്ള വലിയ ദിനോസറുകളാണ് സൗറോപോഡുകള്‍. നാല് നില കെട്ടിടത്തിന്റെ അത്രയും ഉയരം ഇവയ്ക്കുണ്ടാകും.

14 സെക്കന്‍ഡുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഒരുപക്ഷേ ജുറാസിക് പാര്‍ക്ക് യഥാര്‍ഥ്യമായെന്ന് വരെ പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് റിവേഴ്സ് വീഡിയോ ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ‘കുറച്ച്‌ സമയങ്ങളെടുത്തു…’ എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ ഒരു ഉപയോക്താവ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 13.3 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. നിരവധി ലൈക്കുകളും നേടി വീഡിയോ മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്.

ആദ്യം അവ ചെറിയ ദിനോസറുകളാണെന്നാണ് കരുതിയതെന്ന് പലരും കമന്റ് ചെയ്തു. അവ പിന്നിലേക്ക് പോകുന്നത് കാണുന്നത് വരെ ദിനോസറുകളാണെന്ന് തെറ്റിദ്ധരിച്ചെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ദൃശ്യങ്ങളിലുള്ളത് കോട്ടിസ് എന്ന സസ്തനിയാണെന്നാണ് ട്വിറ്ററില്‍ ചില ഉപയോ​ക്താക്കള്‍ വ്യക്തമാക്കുന്നത്. ഈ ചെറിയ സസ്തനികളെ തെക്ക്, മധ്യ അമേരിക്ക, മെക്സിക്കോ, തെക്കുപടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. പഴങ്ങളും പ്രാണികളുമാണ് ഇവയുടെ ഭക്ഷണം. അവയ്ക്ക് ഒരു വലിയ പൂച്ചയോളം ഭാരമുണ്ടാകും. കാഴ്ചയില്‍ നായ, കുരങ്ങ്, റാക്കൂണ്‍ എന്നിവയുമായാണ് സാമ്യം തോന്നുക.