ഇസ്ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ കോവിഡ്-19 മരണങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) റിപ്പോര്‍ട്ട് തള്ളി പാകിസ്താന്‍ സര്‍ക്കാരും. ഡാറ്റ ശേഖരിക്കുന്നതിനുള്ള യുഎന്‍ ബോഡിയുടെ രീതിയെ ചോദ്യം ചെയ്ത പാകിസ്താന്‍ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലെ പിശകുകള്‍ സൂചിപ്പിക്കുകയും ചെയ്തു. അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടില്‍, പാക്കിസ്ഥാനില്‍ 260,000 കോവിഡ് മരണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന കണക്കാക്കിയിരുന്നു. പാകിസ്ഥാന്റെ ഔദ്യോഗിക കണക്കിന്റെ എട്ടിരട്ടിയാണിത്. പാകിസ്ഥാനില്‍ 30,369 കോവിഡ് മരണങ്ങളും 1.5 ദശലക്ഷത്തിലധികം അണുബാധകളും മാത്രമാണ് ഉണ്ടായിട്ടുള്ളുവെന്നാണ് രാജ്യത്തിന്െ ഔദ്യോഗിഗ് കണക്കുകള്‍ അവകാശപ്പെടുന്നത്.

“ഞങ്ങള്‍ കൊവിഡ് മരണങ്ങളെക്കുറിച്ച്‌ സ്വമേധയാ വിവരങ്ങള്‍ ശേഖരിക്കുന്നു. ഇതില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാവമെങ്കിലും അതൊരിക്കലും ലക്ഷക്കണക്കിന് ആയിരിക്കില്ല. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്,” പാകിസ്താന്‍ ആരോഗ്യ മന്ത്രി അബ്ദുള്‍ ഖാദര്‍ പട്ടേലിനെ ഉദ്ധരിച്ച്‌ സാമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകാരോഗ്യ റിപ്പോര്‍ട്ട് അനുസരിച്ച്‌, ലോകമെമ്ബാടുമുള്ള കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കൊറോണ വൈറസ് മൂലം ഏകദേശം 15 ദശലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു, ഇത് ഔദ്യോഗിക മരണസംഖ്യയായ 6 ദശലക്ഷത്തിന്റെ ഇരട്ടിയിലധികം വരും. തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് മരണങ്ങളില്‍ കൂടുതലും സംഭവിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ നിരസിച്ചുകൊണ്ടുള്ള കുറിപ്പില്‍ സര്‍ക്കാര്‍ കണക്കുകൂട്ടല്‍ പ്രക്രിയയെക്കുറിച്ച്‌ ലോകാരോഗ്യ സംഘടനയ്ക്ക് വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പട്ടേല്‍ പറഞ്ഞു. വിവരശേഖരണത്തിന്റെ രീതി സംശയാസ്പദമാണെന്ന് പറഞ്ഞ പട്ടേല്‍, പാകിസ്ഥാനിലെ അധികാരികള്‍ ആശുപത്രികള്‍, യൂണിയന്‍ കൗണ്‍സിലുകള്‍, ശ്മശാനങ്ങള്‍ എന്നിവയില്‍ നിന്നാണ് കണക്കുകള്‍ ശേഖരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യന്‍ സര്‍ക്കാരും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിനെതിരായി രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ 47.4 മില്യണ്‍ കൊവിഡ് മരണങ്ങള്‍ ഉണ്ടായെന്ന് ലോകാരോഗ്യ സംഘടനയുടെ ഏകദേശ കണക്ക്. 2020നും 2021നും ഇടയിലാണിത്. കൊവിഡിന്റെ ആദ്യ രണ്ട് വര്‍ഷവും ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യാത്ത 90 ശതമാനത്തോളം മരണങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയില്‍ 2020ല്‍ ആദ്യ തരംഗത്തിന്റെ സമയത്ത് 8.3 ലക്ഷം കൊവിഡ് മരണം സംഭവിച്ചു എന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ഇതേ വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക മരണനിരക്ക് 1.49 ലക്ഷമാണ്. റിപ്പോര്‍ട്ടിന്മേലുള്ള വിയോജിപ്പ് ഇതിനോടകം തന്നെ കേന്ദ്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ച്‌ കഴിഞ്ഞു.